പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്, പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായൊരിടം കണ്ടെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി കോമഡി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുരാജ് സീരിയസ് റോളുകള്‍ ഏറ്റെടുത്തതോടെ, സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍റെ വളർച്ചയിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ടത് സംവിധായകരാണ്. സംവിധായകൻ ദീപു കരുണാകരന്‍റേതാണ് ഈ അഭിപ്രായം.
'വിന്‍റര്‍', 'ക്രേസി ഗോപാലൻ', 'തേജാഭായ് ആൻഡ് ഫാമിലി', 'ഫയർമാൻ', 'കരിങ്കുന്നം 6 എസ്' തുടങ്ങി ചിത്രങ്ങളുടെ സംവിധായകനാണ് ദീപു കരുണാകരന്‍. സംവിധായകൻ ആകാനുള്ള യാത്രയിൽ പ്രിയദർശൻ എന്ന കലാകാരൻ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദീപു കരുണാകരൻ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍റെ കരിയർ ചെയിഞ്ചിനെ കുറിച്ച് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരാജിന്‍റെ കരിയർ ചെയിഞ്ചിൽ സംവിധായകരുടെ പങ്ക് ചെറുതല്ലെന്നാണ് ദീപു കരുണാകരന്‍റെ അഭിപ്രായം.
'സുരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച കോമഡി കഥാപാത്രങ്ങൾ ആയിരുന്നു 'ചട്ടമ്പി നാടി'ലെ ദാമുവും 'തേജാഭായ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിലെ ഗുരു വശ്യവചസും. കാലാതീതമായി സുരാജ് അവതരിപ്പിച്ച കഥാപാത്രങ്ങൾ ജനപ്രീതിയിൽ മുന്നിൽ തന്നെ. 'തേജാഭായി'ലെ ഗുരു വശ്യവജസ്, സിനിമയേക്കാൾ വലിയ ഹിറ്റാകുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതിനിടെയാണ് 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലെ സുരാജിന്‍റെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുന്നത്. എന്നാൽ 'ആക്ഷൻ ഹീറോ ബിജു'വിന് മുമ്പ് റിലീസ് ചെയ്‌ത ചിത്രമായിരുന്നു മഞ്ജു വാര്യർ നായികയായി എത്തിയ 'കരിങ്കുന്നം 6 എസ്'.
സ്പോർട്‌സ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പൊലീസ് കഥാപാത്രം, അക്കാലത്ത് സുരാജ് ചെയ്‌തു വന്നിരുന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. ഗൗരവ സ്വഭാവമുള്ള സുരാജിന്‍റെ ആദ്യത്തെ കഥാപാത്രമായിരുന്നു 'കരിങ്കുന്നം 6 എസ്'ലേത്.' - ദീപു കരുണാകരൻ പറഞ്ഞു.
സുരാജ് പിൽക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനായി മാറുമെന്ന മുൻധാരണകളുടെ അടിസ്ഥാനത്തിലല്ല 'കരിങ്കുന്നം 6 എസ്'ലെ പൊലീസ് കഥാപാത്രത്തിന് കാസ്‌റ്റ് ചെയ്‌തതെന്ന് സംവിധായകന്‍ പറഞ്ഞു.
'സുരാജ് ഒരു മികച്ച നടൻ ആണെന്ന് തനിക്കറിയാം. മറ്റൊരു നടൻ കൈകാര്യം ചെയ്യാനിരുന്ന വേഷം ആയിരുന്നു 'കരിങ്കുന്നം 6 എസ്'ലെ ഗൗരവക്കാരനായ പൊലീസ് കഥാപാത്രം. എന്നാൽ രണ്ട് ദിവസത്തെ ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സുരാജ് സിനിമയുടെ ഭാഗമാകുന്നത്. സുരാജിന്‍റെ കാസ്‌റ്റിംഗ് തെറ്റായ തീരുമാനം ആണെന്ന് പലരും തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അത്രയും നാൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ ഭാവം തുളുമ്പുന്ന മുഖമുള്ള ഒരു നടൻ ഇത്രയും സീരിയസായ കഥാപാത്രത്തെ അവതരിപ്പിക്കാൻ യോഗ്യനല്ല എന്നുള്ള അഭിപ്രായ പ്രകടനങ്ങൾ കേൾക്കാനിടയായി. താൻ സുരാജിലെ നടനെ വിശ്വസിച്ചു. ആ പൊലീസ് കഥാപാത്രം അദ്ദേഹത്തിന്‍റെ കയ്യിൽ ഭദ്രമായി. ആർക്കും ഒരു കുറ്റവും കണ്ടുപിടിക്കാൻ ആകാത്ത രീതിയിലാണ് സുരാജ് കഥാപാത്രത്തെ ഉൾക്കൊണ്ടതും അവതരിപ്പിച്ചതും.
എങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭയം പിടികൂടിയിരുന്നു. സിനിമയിൽ കഥാപാത്രം കടന്നു വരുന്ന സമയത്ത് ഉഗ്ര സ്വഭാവമുള്ള ആരോ വരുന്നു എന്ന പ്രതീതി സൃഷ്‌ടിച്ച്, കഥാപാത്രം ധരിച്ചിരിക്കുന്ന പൊലീസ് ഷൂസിൽ നിന്നും ക്യാമറ ആംഗിൾ മുഖത്തേക്ക് ഉയർന്നു വരുന്നതു വരെ കഥാപാത്രത്തെ കുറിച്ചുള്ള ഉത്കണ്‌ഠ ജനിപ്പിച്ചു.
ഒടുവിൽ സുരാജിന്‍റെ മുഖം എസ്‌റ്റാബ്ലിഷ് ആകുമ്പോൾ സിനിമ കാണുന്ന ആളിന്‍റെ മനസ്സിൽ യോദ്ധ സിനിമയിൽ ജഗതിയുടെ കോമഡി രംഗങ്ങൾക്ക് ഉപയോഗിച്ച ടു ടു എന്ന ശബ്‌ദ ശകലം ഓർമ്മ വന്നാൽ എല്ലാം അവിടെ കഴിഞ്ഞു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. സുരാജിന്‍റെ കരിയർ ചെയിഞ്ചിൽ സംവിധായകരുടെ പങ്ക് ചെറുതല്ല.' -ദീപു കരുണാകരൻ പ്രതികരിച്ചു.