ആലപ്പുഴ : വിവാഹത്തിന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, Thushar Vellappally ഉൾപ്പടെയുള്ളവരെ ക്ഷണിച്ചെന്നാരോപിച്ച് സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. സിപിഎം തണ്ണീർമുക്കം ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന കോ-ഓർഡിനേറ്ററുമായ M Midhunsha എം മിഥുൻഷായും എസ്എഫ്ഐ മുൻ ജില്ല കമ്മിറ്റി അംഗം നിമ്മി എലിസബത്തുമാണ് വിവാഹിതരായത്. സത്കാര ചടങ്ങിലേക്ക് പാർട്ടിക്കാർ അല്ലാത്തവരെ ക്ഷണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. സിപിഎം ഏരിയ സമ്മേളന പ്രതിനിധി എന്നതില്‍ നിന്ന് മിഥുന്‍ഷായെ ഒഴിവാക്കി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം, യുവജനകമ്മിഷൻ എന്നിവയുടെ സംസ്ഥാന കോ-ഓർഡിനേറ്ററുമാണ് നിലവിൽ മിഥുൻ ഷാ. ഈ മാസം 15ന് ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് തുഷാർ വെള്ളാപ്പള്ളി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം വിട്ട് ബിഡിജെഎസിൽ ചേർന്ന് മത്സരിച്ച പി.എസ്.ജ്യോതിസ്, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗവും നിലവിൽ മുഹമ്മ പഞ്ചായത്ത് അംഗവുമായ ലതീഷ് ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തിരുന്നു.
ALSO READ: Halal Controversy : സംഘപരിവാര്‍ ചേരിതിരിവിന് ശ്രമിക്കുന്നു ; ഹലാൽ വിവാദത്തില്‍ മുഖ്യമന്ത്രി
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ലതീഷ്. ഇവരെ മൂന്ന് പേരെയും വിവാഹത്തിന് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം നടപടി. ഇവർ മിഥുന്‍റെ വിവാഹത്തിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധമാണെന്ന് ആരോപിച്ച് ഏരിയ സമ്മേളനത്തിന്‍റെ തലേന്ന് ലോക്കൽ കമ്മിറ്റി വിളിച്ചുചേർത്ത് മിഥുൻ ഷായെ പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
പാർട്ടി ലോക്കൽ കമ്മിറ്റിയുടെ നടപടിക്കെതിരെ സിപിഎം ജില്ലാ - സംസ്ഥാന കമ്മിറ്റികൾക്ക് മിഥുന്‍ഷാ പരാതി നൽകിയിട്ടുണ്ട്. അതിനിടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന് ആർത്തുങ്കലിൽ തുടക്കമായി. നാളെ നടക്കുന്ന പൊതുചർച്ചയിൽ പുതിയ വിവാദം ഉന്നയിച്ച് ഏരിയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് ഒരു വിഭാഗം പ്രതിനിധികൾ.
അതേസമയം ഇതിനെക്കുറിച്ച് പരസ്യ പ്രതികരണത്തിന് സിപിഎം ഏരിയ - ജില്ലാ നേതൃത്വങ്ങൾ തയ്യാറായിട്ടില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമാണ് എന്നായിരുന്നു സിപിഎം നേതാക്കളുടെ നിലപാട്.