ആലപ്പുഴ: മകന്റെ ആഡംബര വിവാഹത്തിന്റെ പേരില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് എതിരെ പാര്‍ട്ടി നടപടി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി മനോഹരനെയാണ് മകന്‍റെ വിവാഹം ആഡംബരമായി നടത്തിയെന്നാരോപിച്ച് പാർട്ടി സസ്‌പെന്‍ഡ് ചെയ്‌തത്. ഡിസംബർ 12ന് ചേർത്തല അരീപ്പറമ്പിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. തുടർന്ന് 13ന് നടന്ന വിവാഹ സൽകാരത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു.
സൽക്കാരത്തിൽ ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അരങ്ങേറിയിരുന്നു. ഇത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി നേതാക്കന്മാർക്കുൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ കാറിന് മുന്നിൽ വരന്റെ സുഹൃത്തുക്കൾ നൃത്തം ചെയ്‌തതും പ്രശ്‌നം വഷളാക്കി. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇന്നലെ ഏരിയ കമ്മിറ്റി യോഗം ചേർന്നത്. യോഗത്തിൽ മനോഹരനെതിരെ രൂക്ഷ വിമർശനമാണ് മറ്റ് അംഗങ്ങൾ ഉന്നയിച്ചത്.
സമൂഹത്തിന് മാതൃകയാകേണ്ട ഒരു പാർട്ടി അംഗത്തിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഇത്തരം അനാവശ്യ ആഘോഷങ്ങളെന്നും ലളിത ജീവിതം നയിക്കേണ്ട പാർട്ടി അംഗം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് വഴി അത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. മകന്റെ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷങ്ങളായിരുന്നു എന്നാണ് മനോഹരന്റെ വാദം. എന്നാൽ ഇത് പാർട്ടി അംഗീകരിച്ചില്ല. ആറ് മാസത്തേക്കാണ് മനോഹരനെ സസ്‌പെന്‍ഡ് ചെയ്‌തത്. നിലവിൽ കർഷക സംഘം കഞ്ഞിക്കുഴി ഏരിയ പ്രസിഡന്റാണ് സി.വി മനോഹരൻ.