ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ അരൂരിലെ ജനങ്ങൾ പ്രതികരിക്കുക യുഡിഎഫിന് വിജയം നൽകിക്കൊണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അരൂരിൽ 'ഇടിവി ഭാരതി'ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ച് സ്‌ത്രീത്വത്തെ അപമാനിക്കുകയാണ് മന്ത്രി ജി സുധാകരന്‍ ചെയ്തത്. മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹം ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ പാടില്ല.സാംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവമാണ് ഇതെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.
ജി സുധാകരൻ ഒരു കവിയാണ്, എഴുത്തുകാരനാണ്, ചിന്തകനാണ് എന്നൊക്കെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സാഹിത്യകാരൻ എന്ന പദവി എന്ത് വൃത്തികേടും വിളിച്ചു പറയാനുള്ള ലൈസൻസ് ആണോ എന്ന് കോടിയേരി വ്യക്തമാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് നേരെയും ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങൾ എൽ.ഡി.എഫ് നടത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ഇത്തരത്തിലുള്ള വ്യക്തിഹത്യാപരമായ പരാമർശങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.