ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഈ വർഷം 20 ലക്ഷം പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന‌് ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക‌്. പ്രതിവർഷം അഞ്ച് ലക്ഷം രൂപവരെ ചികിത്സാസഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. മുന്നുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനമുള്ള എപിഎൽ കുടുംബങ്ങളെയും ബിപിഎൽ കുടുംബങ്ങളെയും പൂർണമായും പദ്ധതിയിൽ അംഗമാക്കാൻ യുദ്ധകാല നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മാനദണ്ഡങ്ങൾ പാലിച്ച് ഇൻഷുർ ചെയ്യുന്ന വ്യക്തികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും. ഇൻഷുർ ചെയ്യപ്പെടുന്ന വ്യക്തി, അക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രിയിൽ ഇൻഷുറൻസ് കാർഡുമായി ചികിത്സയ്ക്കായി എത്തിയാൽ കരാർ പ്രകാരമുള്ള നിരക്കിൽ പണമടയ്ക്കാതെ തന്നെ ചികിത്സ ലഭ്യമാകും. തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈടാക്കുന്നത് ആശുപത്രിയാണ്. ഗുണഭോക്താവിന്റെ ചികിത്സയ്ക്ക് കാലതാമസമോ എന്തെങ്കിലും പ്രയാസമോ ഉണ്ടാക്കുന്നതല്ല.
ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നതാണ‌് ഇപ്പോഴത്തെ പ്രത്യേകത. മുമ്പുണ്ടായിരുന്ന കാരുണ്യ പദ്ധതി ആരോഗ്യ അഷ്വറൻസ് പദ്ധതിയായിരുന്നു. ഇതിൽ സഹായം ലഭിക്കുമെന്നതിന് ഉറപ്പുണ്ടായിരുന്നില്ല. ഇതിൽ പരമാവധി ധനസഹായം രണ്ട് ലക്ഷം രൂപയോ, ചില പ്രത്യേക കേസുകളിൽ മൂന്നു ലക്ഷം രൂപ വരെയോ ആയിരുന്നു. ഒരു റേഷൻ കാർഡിന് ആയുഷ്കാലം ലഭിക്കുന്ന സഹായമാണിത‌്.