ആലപ്പുഴ: ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ ജനകീയ വിചാരണ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. രാഷ്ട്രീയ ഭേദമന്യേ ആരംഭിച്ച സേവ് കുട്ടനാട് ക്യാമ്പയിനെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍റെ നടപടി ഒരു ജനതയുടെ മനുഷൃാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ടിജിന്‍ ജോസഫ് പറഞ്ഞു. വര്‍ഷത്തില്‍ കൂടുതല്‍ സമയവും വെള്ളക്കെട്ടില്‍ കഴിയേണ്ടിവരുന്ന കുട്ടനാടന്‍ ജനത നിലനില്‍പ്പിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
''കുട്ടനാട് പാക്കേജ് ഒറ്റഘട്ടമായി നടപ്പാക്കണം''
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് എം.എല്‍.എ ആയിരുന്നപ്പോള്‍ സ്വന്തം മണ്ഡലമായ ചെങ്ങന്നൂരില്‍ പ്രളയമുണ്ടായപ്പോള്‍ നിസഹായനായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാവിട്ടുകരഞ്ഞിരുന്നു സജി ചെറിയാന്‍. മന്ത്രിയായപ്പോള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളെ പുച്ഛിക്കുകയാണെന്നും കുട്ടാനാട്ടിലെ ജനജീവിതം സംരക്ഷിക്കാന്‍ സമഗ്രമായ കുട്ടനാട് പാക്കേജ് ഒറ്റഘട്ടമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒപ്പമുണ്ടാവേണ്ടയാള്‍ അവമതിക്കുന്നു
ജില്ലയില്‍ നിന്നുള്ള മന്ത്രി എന്നനിലയില്‍ ഇതിന് വേണ്ടി വാദിക്കേണ്ടയാള്‍തന്നെ ഒരു ജനതയുടെ അതിജീവനപോരാട്ടത്തെ അപഹസിക്കുന്നു. ഇത് മന്ത്രി സ്ഥാനത്തിന്‍റെ ഹുങ്ക് കൊണ്ടാണെങ്കില്‍ അതിശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും ടിജിന്‍ പറഞ്ഞു. മന്ത്രിയെ തിരുത്താന്‍ തയ്യാറാവാത്ത തോമസ് കെ തോമസ് എം.എല്‍.എ കുട്ടനാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്‍റ് നോബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മാളിയേക്കൽ, നിർമ്മൽ, ആശ, ജെറിൻ, ജിക്കുമോൻ ജോസഫ്, ആകാശ് എന്നിവർ സംസാരിച്ചു.
ALSO READ: അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു