ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ പിതാവ് അടക്കം അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. കുട്ടിയുടെ പിതാവായ എറണാകുളം പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി അസ്‌കർ ലത്തീഫ്, ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് തൽഹത്ത് (36), നെട്ടൂർ സ്വദേശി നിയാസ് (42), പള്ളൂരുത്തി സ്വദേശികളായ ഷമീർ (39), സുധീർ എൻ.വൈ (41) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
പ്രതികളെ കോടതിയിൽ നാളെ രാവിലെ ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരാക്കും. ഇതോടെ ഈ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. കുട്ടിയുടെ പിതാവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അസ്‌കറിനെ കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
ഒളിവിലായിരുന്ന അസ്‌കർ വീട്ടിലെത്തി മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം. ഇതിനായി ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു.