ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അസ്‌കർ അലിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
കുട്ടി വിളിച്ച മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നാണ് പിതാവ് അസ്‌കർ അലി പൊലീസിന് നൽകിയ മൊഴി. മുദ്രാവാക്യം ഏതെങ്കിലും ഒരു മതത്തിനോ വിഭാഗത്തിനോ എതിരെല്ലെന്നും വർഗീയ ശക്തികൾക്ക് എതിരായ മുദ്രാവാക്യമാണെന്നുമാണ് പിതാവിന്‍റെ നിലപാട്. വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നാണ് കുട്ടി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുമ്പ് പലതവണ ഇത് വിളിച്ചിട്ടുണ്ടെങ്കിലും തെറ്റൊന്നും തോന്നിയിട്ടില്ല. സ്വയം തോന്നി വിളിച്ചതാണ്. എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചതെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ കുട്ടിയുടെ പിതാവിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു.