ആലപ്പുഴ : സിപിഎം സംസ്ഥാന സമിതി മുൻ അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരൻ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിനില്ല. അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് സുധാകരൻ കത്ത് നൽകി. അനാരോഗ്യം മൂലം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ആയതിനാൽ അവധി നൽകണമെന്നുമാണ് കത്തിലെ ആവശ്യം.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് സുധാകരൻ കത്ത് നൽകിയത്. പകരം ജില്ലയിൽ നിന്നുള്ള മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രനെ പ്രതിനിധിയായി പാർട്ടി സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ആഭ്യന്തര - വിഭാഗീയ പ്രശ്‌നങ്ങളും സംസ്ഥാന-ജില്ല സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളും കാരണം ഒന്നര വർഷമായി പാർട്ടിയിൽ നിന്ന് അകലം പാലിക്കുകയാണ് ജി.സുധാകരൻ.
അമ്പലപ്പുഴയിൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് പിന്നീട് പാർട്ടിയിൽ നിന്ന് അകലാനുണ്ടായ കാരണം എന്നാണ് സുധാകരനുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ രാഷ്ട്രീയ വനവാസത്തിലേക്ക് ജി.സുധാകരൻ നീങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 6 മുതൽ 10 വരെയാണ് കണ്ണൂരിൽ സിപിഎമ്മിന്‍റെ 23-ാം പാർട്ടി കോൺഗ്രസ് നടക്കുക.