ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പുയർന്നത് മൂലമുണ്ടായ മടവീഴ്ച്ച ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ എസി റോഡിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചു. പാടശേഖരത്തിലേയും കായലുകളിലെയും വെള്ളം ഒഴുകി റോഡിൽ എത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
എസി റോഡിൽ പലയിടത്തും മൂന്നടിയോളം വെള്ളമുയർന്നിട്ടുണ്ട്. ഇതോടെ ടോറസ് വാഹനങ്ങളും ട്രാക്ക്ട്ടറുകളും മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്ക് ചെറുവള്ളങ്ങൾ മാത്രമാണ് ഏക ആശ്രയം. ആലപ്പുഴയ്ക്കും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവരുടെ വാഹങ്ങൾ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെയും, തണ്ണീർമുക്കം-കുമരകം റോഡിലൂടെയുമാണ് ഇപ്പോൾ തിരിച്ചു വിടുന്നത്.