ആലപ്പുഴ: സിനിമാ സംവിധാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു. ശ്രീവത്സം ഗ്രൂപ്പിന്‍റെ പരാതിയിന്മേൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഈ അപേക്ഷ തള്ളി. ഇതോടെയാണ് അറസ്റ്റുണ്ടായത്. പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി ഇദ്ദേഹത്തെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ തള്ളി
സിനിമ നിർമിക്കാമെന്ന് പറഞ്ഞാണ് ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഇയാൾ പണം വാങ്ങിയത്. പല തവണ ബന്ധപ്പെട്ടിട്ടും വിവരമൊന്നും നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറായില്ല. ഇതോടെയാണ് ശ്രീവത്സം ഗ്രൂപ് പൊലീസിൽ പരാതി നൽകിയത്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. നേരത്തേ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019ൽ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.