ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ഇടവക സെമിത്തേരികളിൽ ദഹിപ്പികാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതായി ജില്ലാ കലക്ടർ എ അലക്സാണ്ടറിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സാധാരണ മൃതസംസ്കാര കർമ്മം സെമിത്തേരികളിൽ ഏറെ പ്രയാസം ആയതിനാൽ, ദഹിപ്പിക്കൽ വഴി സംസ്കരിക്കാനും ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യാനും തീരുമാനിച്ചതായി സഭ അധികൃതർ കലക്ടറോട് പറഞ്ഞു.
രൂപതാ പ്രദേശത്ത് കൊവിഡ് മരണം ഉണ്ടായ സാഹചര്യത്തിൽ ജില്ലാ കലക്ടറും ആരോഗ്യ പ്രവർത്തകരും രൂപത അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം. ജൂലൈ 27ന് വൈകുന്നേരം കൂടിയ രൂപതാ കണ്‍സള്‍ട്ടേഴ്സിന്‍റേയും ഫൊറോന വികാരിമാരുടെയും യവജന-അല്മായ-സമൂഹിക സേവന വിഭാഗം ഡയറക്ടര്‍മാരുടെയും സംയുക്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് പുതിയ നടപടിക്രമങ്ങളെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും അതത് ഇടവകകൾക്ക് എല്ലാ സഹായങ്ങളും നൽകും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ പറഞ്ഞു.