ആലപ്പുഴ: കായംകുളം നഗരസഭയിലെ വാർഡ് നാല്, ഒൻമ്പത് എന്നിവയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ക്ലസ്‌റ്റർ ക്വാറന്‍റൈൻ/ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി. കായംകുളത്ത് പച്ചക്കറിക്കട നടത്തുന്ന നഗരസഭയിലെ താമസക്കാരനായ വ്യക്തിക്ക് കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടിലും കടയിലും പരിസരത്തുമായി പ്രൈമറി കോൺടാക്‌ടായി ഇരുപതിലധികം പേർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ കടയിൽ പച്ചക്കറി വാങ്ങാൻ എത്തിയ നിരവധിപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
വിഷയത്തിന്‍റെ ഗൗരവവും അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാനാണ് കായംകുളം നഗരസഭയിലം നാല്, ഒൻമ്പത് എന്നീ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്‌തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കു നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരിക്കും.
ആവശ്യ ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഈ വാർഡുകളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.
ഈ വാർഡുകളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യവസ്‌തുക്കൾ ആവശ്യമായി വന്നാൽ പൊലീസ്/ വാർഡ് ആർ ആർ ടികളുടെ സേവനം തേടാം. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമം പ്രകാരവും ഐപിസി സെക്ഷൻ 188, 269 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുമെന്നും കലക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.