ആലപ്പുഴ : നാട്ടിൽ വികസനം കൊണ്ടുവരുന്നവർക്കും ജനനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവർക്കുമാണ് തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുന്നതെന്ന് സംവിധായകൻ ഫാസിൽ. ആലപ്പുഴ, ലിയോ തേർട്ടീൻത് എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ വ്യക്തിക്കാണ് വോട്ട് നൽകിയത്. വിജയിക്കുന്നവർ നാടിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാസിൽ പറഞ്ഞു.
കൊവിഡ് കാലമായതിനാൽ അധികം പുറത്തിറങ്ങാത്ത താൻ ജനാതിപത്യ അവകാശമെന്ന നിലയിൽ വോട്ടെടുപ്പിനെ കാണുന്നത് കൊണ്ടാണ് വോട്ട് ചെയ്യാനെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യക്കൊപ്പമെത്തിയാണ് അദ്ദേഹം തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ മക്കളും ചലച്ചിത്ര താരങ്ങളുമായ ഫഹദ് ഫാസിലും ഫർഹാൻ ഫാസിലും ഇത്തവണ വോട്ട് ചെയ്യാനെത്തിയില്ല. എല്ലാ തവണയും കുടുംബസമേതം എത്തിയാണ് ഈ താരകുടുംബം വോട്ട് രേഖപ്പെടുത്താറുള്ളത്.