ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കടൽപ്പാലത്തിന് സമീപത്തെ ബീച്ച് മ്യൂസിയത്തിൽ സ്‌ഥാപിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ചേർത്തല തണ്ണീർമുക്കത്ത് നിന്ന് റോഡ് മാർഗ്ഗം പുറപ്പെട്ടു. 20 വർഷത്തെ രാജ്യസേവനത്തിന് ശേഷം ഡി കമ്മിഷൻ ചെയ്ത 'ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്' എന്ന പടക്കപ്പലാണ് തണ്ണീർമുക്കത്ത് നിന്ന് റോഡ് മാർഗ്ഗം ആലപ്പുഴയിലേക്ക് എത്തിക്കുക.
സംസ്ഥാന സർക്കാർ കപ്പൽ ഏറ്റെടുത്ത കപ്പല്‍ മുംബൈയിൽ നിന്നാണ് ചേർത്തല തണ്ണീർമുക്കം ബണ്ടിന് മധ്യഭാഗത്ത് എത്തിച്ചത്. 2021 ജനുവരി 29 ന് ഡി കമ്മിഷൻ ചെയ്ത കപ്പലിന് 25 മീറ്റർ നീളവും 60 ടൺ ഭാരവുമുണ്ട്.
കരമാർഗം യാത്ര
106 ടയറുള്ള വോൾവോ പുള്ളറില്‍ കയറ്റിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. തണ്ണീർമുക്കം ബണ്ട് മുതൽ ചേർത്തല വരെയുള്ള ആറ് കിലോമീറ്റർ സഞ്ചരിക്കാന്‍ അഞ്ച് മണിക്കൂർ മതിയെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 12 മണിക്കൂർ കൊണ്ട് 3.5 കി.മി മാത്രമാണ് വാഹനത്തിന് സഞ്ചരിക്കാനായത്. ആദ്യ ദിവസത്തെ യാത്ര വെള്ളിയാകുളത്ത് അവസാനിപ്പിക്കുകയായിരുന്നു.
കൂടുതല്‍ വായനക്ക്: പടക്കപ്പൽ കരകയറുന്നു, ഇനി ആലപ്പുഴയിലേക്ക്
ഇടുങ്ങിയ റോഡും, വൃക്ഷങ്ങളും, കെഎസ്ഇബി, ടെലഫോൺ തുടങ്ങിയവയുടെ ലൈനുകളുമാണ് പ്രധാന പ്രതിസന്ധി. ചേർത്തല തണ്ണീർമുക്കം റോഡ് വഴിയുള്ള ഗതാഗതം രാവിലെ മുതൽ നിയന്ത്രിച്ച ശേഷം പ്രദേശത്ത് വൈദ്യുതി, കേബിൾ ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു.
പൊലീസ്, കെഎസ്.ഇ.ബി, ബിഎസ്എന്‍എല്‍ ജീവനക്കാരും ജില്ല ഭരണകൂടത്തിന് കീഴിലുള്ള ടാസ്‌ക് ഫോഴ്‌സും കപ്പലിനെ അനുഗമിക്കുന്നുണ്ട്.
അടുത്ത നീക്കം ചൊവ്വാഴ്ച
ഞായറാഴ്ച അവധിയും തിങ്കളാഴ്ച ബന്ദും ആയതിനാൽ ചൊവ്വാഴ്ച (28.09.21) ന് രാവിലെയാകും അടുത്ത ഘട്ട യാത്രയെന്ന് കോർഡിനേറ്റർ രാജേശ്വരി അറിയിച്ചു. ചേർത്തല നഗരത്തിലൂടെ എക്‌സ്‌റേ ബൈപ്പാസ് വഴി ദേശീയപാതയിലൂടെ രണ്ട് ദിവസം കൊണ്ട് ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതല്‍ വായനക്ക്: 'ഭീകരവാദത്തെ രാഷ്‌ട്രീയ ഉപകരണമാക്കുന്നവര്‍ക്കുതന്നെ അത് തിരിച്ചടിയാകും' ; യുഎന്‍ പൊതുസഭയില്‍ മോദി