ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര, വ്യവസായ വകുപ്പുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തര, വ്യവസായ വകുപ്പുകള്‍ പൂര്‍ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.രാജീവും ചുമതല ഒഴിയണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ മോശമായി കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് വിലക്കയറ്റത്തിനൊപ്പം കൊലപാതകം, ക്വട്ടേഷന്‍, ലഹരി മരുന്ന് മാഫിയ എന്നിവയും വളരുന്നുണ്ടെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കയര്‍ മേഖലയിലെ വ്യവസായ മന്ത്രിയടക്കമുള്ള സര്‍ക്കാറിന്‍റെ ഇടപെടല്‍ പോരായെന്നും വിമര്‍ശനമുണ്ട്. പി.രാജീവ് കയര്‍ വകുപ്പ് ചുമതല ഒഴിയണമെന്നും ജില്ല സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
കയര്‍ ഉത്‌പാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാന്‍ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ല സമ്മേളനത്തില്‍ ഉയര്‍ന്നത്. എക്‌സല്‍ ഗ്ലാസ് ഫാക്‌ടറി ആക്രി വിലയ്‌ക്ക് വിറ്റു, ടി.വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് പൂട്ടുകയാണ്, കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണ് എന്നിങ്ങനെ തുടങ്ങുന്നു രാജീവിനെതിരായ വിമര്‍ശനങ്ങള്‍.
also read: സിപിഐ ആലപ്പുഴ ജില്ല സമ്മേളനത്തിന് ഹരിപ്പാട് തുടക്കം, ദേശീയ നേതാക്കള്‍ പങ്കെടുക്കും