ആലപ്പുഴ : കായംകുളത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. ഡിവൈഎഫ്ഐ അംഗങ്ങളുടെ രാജി സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സംഘടന ഭരണഘടന അനുസരിച്ച് ഇത്തരത്തിലൊരു കമ്മിറ്റിക്ക് രാജിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ നേതാക്കളുടെ രാജി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്കോ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനോ അറിവില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദിന്‍റെ വീട്ടിൽ കായംകുളം സിഐ തോക്കുമായി എത്തിയതിൽ പാർട്ടി ഇടപ്പെട്ടില്ല എന്നാരോപിച്ചായിരുന്നു ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെ 19 ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ രാജി നൽകിയത്. ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭയുടെ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സാജിദിനെ അറസ്റ്റ് ചെയ്യുമെന്ന് വെല്ലുവിളിച്ചതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്. എംഎൽഎ ക്കെതിരെ ഡിവൈഎഫ്ഐ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പ്രതികരിച്ചത് വിവാദമായിരുന്നു.