ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാനുള്ള ചർച്ച പരാജയം. സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പ്രശ്നപരിഹാരമായില്ല. തർക്കം പരിഹരിക്കാൻ അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ചേരും. മന്ത്രി ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി എസ്എഫ്ഐ മുൻ നേതാവും മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ കൂടിയായ യുവതി നൽകിയ പരാതിയിൽ ഒത്തുതീർപ്പുണ്ടാക്കാനാണ് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലും പ്രശ്നത്തിൽ തീർപ്പുണ്ടായില്ല.
പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. സിപിഎം ജില്ല സെക്രട്ടറി ആർ നാസറിന്‍റെ സാന്നിധ്യത്തിലാണ് അനുരഞ്ജന ചർച്ച നടന്നത്. യോഗത്തിൽ പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവും പരാതിക്കാരിയുടെ ഭർത്താവുമായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം പങ്കെടുത്തു. ഇദ്ദേഹത്തിനെതിരെ സംഘടനാനടപടി വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും മറുവിഭാഗം ശക്തമായി എതിർത്തു.
കൂടുതൽ വായനയ്ക്ക്:സുധാകരനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്;അനുനയത്തിന് ജില്ല നേതൃത്വം
പാർട്ടി നടപടിക്രമം പാലിക്കാതെ അനാവശ്യമായ പരാതി നൽകി പ്രസ്ഥാനത്തിന് മാനക്കേട് ഉണ്ടാക്കിയെന്നായിരുന്നു ജി സുധാകരനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാൽ ജി സുധാകരനെതിരായ നിലപാട് മറുവിഭാഗവും യോഗത്തിൽ ഉന്നയിച്ചു. ചർച്ച ഫലം കാണാതെ വന്നതോടെ വിഷയം അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്ക് വിട്ടു.
അതേസമയം പരാതി തട്ടിക്കളിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിഷയത്തിൽ കേസെടുക്കാനാകുമോയെന്ന കാര്യത്തിൽ പൊലീസ് നിയമോപദേശവും തേടി. സ്ഥാനാർഥി നിർണയത്തിന് ശേഷം സി.പി.എമ്മിൽ രൂപപ്പെട്ട വിഭാഗീയതയുടെ തുടർച്ചയാണ് മന്ത്രിക്കെതിരായ പരാതിയും തുടർന്നുള്ള നാടകീയ നീക്കങ്ങളും.
കൂടുതൽ വായനയ്ക്ക്: ജി സുധാകരനെതിരായ പരാതി : പൊലീസ് യുവതിയുടെ മൊഴിയെടുത്തു