ആലപ്പുഴ: കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ ആശുപത്രികളിലായി ഡ്രൈ റണ്‍ സംഘടിപ്പിച്ചു. വാക്‌സിന്‍ ആദ്യം സ്വീകരിച്ചത് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ റസീനയാണ്. ശേഷം ആശുപത്രിയിലെ മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വാക്‌സിനുകള്‍ സ്വീകരിച്ചു.
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാക്‌സിന്‍ ഡ്രൈ റണ്ണില്‍ ജില്ലയിലെ 100 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലപ്പുഴ ജനറല്‍ ആശുപത്രി, ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യ കേന്ദ്രം പുറക്കാട്, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ആശുപത്രി ചേര്‍ത്തല എന്നീ നാല് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.
ജില്ലാ കലക്‌ടർ എ.അലക്‌സാണ്ടറാണ് ജനറല്‍ ആശുപത്രിയിലെ ഡ്രൈ റണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 501 സെന്‍ററുകളാണ് ജില്ലയില്‍ വാക്‌സിനേഷനായി സജ്ജീകരിക്കുകയെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഇതുവരെ ജില്ലയില്‍ 18291 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വാക്‌സിൻ വിതരണത്തിനായി തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്തവരില്‍ നിന്നും 25 പേരെ വീതം തെരഞ്ഞെടുത്താണ് ഡ്രൈ റണ്‍ നടത്തിയത്.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. വിവിധ സെന്‍ററുകളില്‍ നടന്ന ഡ്രൈ റണ്ണിന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ സുജ പി.എസ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.