ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്‍റ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആലപ്പുഴ ജില്ലയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊവിഡ് രോഗികളും ക്വാറന്‍റൈനില്‍ കഴിയുന്നവരും ബൂത്തികളിലെത്തി വോട്ട് രേഖപ്പെടുത്തി.വൈകുന്നേരം അഞ്ച് മുതൽ ആറ് വരെയാണ് ഇവര്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ബൂത്തുകളില്‍ ഒരുക്കിയത്.
നിരവധിപേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. സമ്മതിദാനം വിനിയോഗിക്കാന്‍ എത്തുന്നവര്‍ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ ഇത്തരത്തിൽ സാക്ഷ്യപത്രം ഹാജരാക്കുവാൻ കഴിയാഞ്ഞതിനെ തുടർന്ന് നിരവധി പേര്‍ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.
വിപുലമായ സജ്ജീകരണങ്ങളാണ് കൊവിഡ് ബാധിതരായ വോട്ടർമാർക്കായും നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ക്കായും ഒരുക്കിയിരുന്നത്. പോളിങ് ബൂത്തിലെ രാഷ്ട്രീയ കക്ഷികളുടെ ഏജന്‍റുമാര്‍ ഉൾപ്പടെ പിപിഇ കിറ്റ് ധരിച്ചു. കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവർക്കുമായി സ്പെഷ്യൽ പോളിങ് ഓഫീസർ വഴിയും തപാല്‍ വഴിയും 6113 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്‌തത്. ഇവയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1966 ബാലറ്റുകൾ തിരികെയെത്തിയിട്ടുണ്ട്. വിതരണം ചെയ്‌ത 4147 ബാലറ്റുകൾ ഇനിയും തിരികെ ലഭിക്കാനുണ്ട്. ഇതുസംബന്ധിച്ച അന്തിമ വിവരം വരും ദിവസങ്ങളിൽ മാത്രമേ ലഭ്യമാവൂ.