ആലപ്പുഴ: സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടത്തിയ പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. ആലപ്പുഴ നഗരത്തിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ കലക്ട്രേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായത്.
ഇതിനിടെ സമരത്തിനെ പ്രതിരോധിച്ച പൊലീസിനെ സമരക്കാർ ആക്രമിക്കാൻ തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റവരെ പിന്നീട് പൊലീസ് വാഹനത്തിൽ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.