ആലപ്പുഴ: കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തില്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശം വയോധികന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്.
കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. ഒരേ ദിശയിൽ വന്ന ബസ് മാധവനും മകൻ ഷാജിയും സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്. അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഡ്രൈവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.