ആലപ്പുഴ: കൊവിഡ് വ്യാപനം സംസ്ഥാനത്തെ ഓട്ടോത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി. ആലപ്പുഴയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 750 മുതല്‍ 800 രൂപ വരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 150 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് ഓട്ടോത്തൊഴിലാളികള്‍ പരാതി പറയുന്നു.
യാത്രക്കാർ ഇല്ലാത്തതും വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതും ആലപ്പുഴയെ വലിയ രീതിയില്‍ ബാധിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ അടക്കം ആളുകള്‍ കുറവാണ്. റെയില്‍വേ സ്റ്റേഷനിലും ജനങ്ങള്‍ എത്തുന്നില്ല. സന്നദ്ധ സംഘടനകളും സാനിറ്റൈസറുകളും മറ്റും ഒരുക്കിയിട്ടുണ്ട്. ഇവ കൃത്യമായി ഉപയോഗിക്കാറുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.