ആലപ്പുഴ: അരൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള അങ്കം മുറുകിത്തുടങ്ങി. സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് മുന്നണികള്‍ തുടക്കമിട്ടിരുന്നു. അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പത്ത് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂർ എംഎൽഎ അഡ്വ. എ.എം ആരിഫ് ആലപ്പുഴയുടെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് അരൂര്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇടതിനൊപ്പമാണ് അരൂരിന്‍റെ മനസ്. നിലവിലെ എംപി അഡ്വ. എ. എം ആരിഫാണ് കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തെ ഇടത്തോട്ട് എത്തിച്ചത്.
വിപ്ലവ നായിക കെ. ആർ ഗൗരിയമ്മയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ആരിഫിന്‍റെ ആദ്യ ജയം. പിന്നീട് വികസനമായിരുന്നു ആരിഫ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. എംഎല്‍എ ആയിരിക്കെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞത് ഇടതുമുന്നണിക്ക് ഏറെ ഗുണം ചെയ്യും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അഡ്വ. ഷാനിമോൾ ഉസ്മാന് നിയമസഭാ അടിസ്ഥാനത്തിൽ അരൂരിൽ ആരിഫിനെക്കാൾ ഭൂരിപക്ഷം ലഭിച്ചത് യുഡിഎഫ് ക്യാമ്പിലും പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ അരൂർ, മഞ്ചേശ്വരം, പാലാ, എറണാകുളം, വട്ടിയൂർക്കാവ്, കോന്നി എന്നിങ്ങനെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയിൽ അരൂർ ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎ യുഡിഎഫിന്റേതാണ്. അരൂരിൽ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലം. അരൂരിൽ എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം സീറ്റ് നിലനിർത്തുകയല്ലാതെ മറ്റ് മാർഗമില്ല. അതുകൊണ്ട് തന്നെ ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാവും എൽഡിഎഫ് രംഗത്തിറക്കുക.
എൽഡിഎഫ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്‌ഥാന സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് മത്സ്യഫെഡ് ചെയർമാനുമായ പി.പി ചിത്തരഞ്ജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ഡിപി ചെയർമാനുമായ സി. ബി ചന്ദ്രബാബു എന്നിവർക്കാണ് മുൻഗണന. ഇതോടൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷനും യുവജനക്ഷേമ ബോർഡ് അംഗവുമായ മനു.സി.പുളിക്കലിനെയും പരിഗണിക്കാനിടയുണ്ട്. നിലവിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പുനസംഘടന നടന്നതുകൊണ്ട് ജില്ലാ സെക്രട്ടറി ആർ നാസറിനെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താൻ സിപിഎം തയ്യാറായേക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായും പാർട്ടി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തുന്ന പി.പി ചിത്തരഞ്ജനാണ് കൂടുതൽ സാധ്യതയെന്നാണ് കണക്കുകൂട്ടല്‍. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജി സുധാകരൻ, ഡോ ടി.എം തോമസ് ഐസക്ക്, അരൂർ എംഎൽഎയായിരുന്ന അഡ്വ. എ.എം ആരിഫ് എം പി എന്നിവരുടെ പിന്തുണ ചിത്തരഞ്ജന് ലഭിക്കുകയും ചെയ്യും.
ചിത്തരഞ്ജനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ധീവര വോട്ടുകള്‍ കൂടി പെട്ടിയിലാക്കാം എന്ന കണക്കു കൂട്ടലും സിപിഎമ്മിനുണ്ട്. അരൂരിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതമുള്ളത് ധീവര സമുദായത്തിനാണ്.
അരൂരിൽ ധീവര സമുദായരംഗത്തെ മുന്നണികളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് ധീവരസഭ. മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വോട്ടും പ്രതീക്ഷിക്കാം.
ഈഴവ സമുദായ വോട്ടുകൾ വെള്ളാപ്പള്ളിയുമായുള്ള ഇടതുപക്ഷ ബന്ധം കൊണ്ടും മറ്റു സാമുദായിക നേതാക്കളുമായും യുവജന വിദ്യാർഥി നേതാക്കളുമായും അദ്ദേഹത്തിന് ഉള്ള ബന്ധവും വിജയത്തിലേക്ക് എത്തിക്കാൻ സാധ്യത നൽകുന്ന ഘടകങ്ങളാണ്. ഈഴവ സ്ഥാനാർഥി തന്നെ വേണമെന്നില്ലെന്നും ഹിന്ദുവായ സ്ഥാനാർഥി അരൂരിൽ മത്സരിക്കണമെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയും ചിത്തരഞ്ജനുള്ള പരോക്ഷ പിന്തുണയാണ്.
ധീവര മത്സ്യത്തൊഴിലാളികളും ഉൾനാടൻ മത്സ്യത്തൊഴിലാളി സമൂഹവും മണ്ഡലത്തിലെ മുസ്ലിം സമുദായവും ചിത്തരഞ്ജനെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയും ഇദ്ദേഹത്തിന് ഗുണം ചെയ്യും. മണ്ഡലത്തിലെ മറ്റൊരു നിർണായക ഘടകം ലാറ്റിൻ വിഭാഗത്തിന്റെ വോട്ടാണ്. ഇത് സിറിയൻ വിഭാഗത്തിൽ നിന്നുള്ള മനു.സി.പുളിക്കലിന്റെ വിജയ സാധ്യത കുറക്കുന്നു. സിപിഎമ്മിലെ തെരഞ്ഞെടുപ്പ് സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, പാലക്കാട് മുൻ എംപി എം ബി രാജേഷ്, എ എൻ ഷംസീർ എംഎൽഎ എന്നിവർ നിലവിൽ അരൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ സജീവമാണ്. സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് 24ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്.
അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്യാമ്പിലും ചർച്ചകൾ സജീവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എഐസിസി മുൻ സെക്രട്ടറി അഡ്വ. ഷാനി മോൾ ഉസ്മാൻ, ഡിസിസി പ്രസിഡണ്ട് അഡ്വ എം ലിജു, മുൻ എംഎൽഎയും ഡിസിസി മുൻ പ്രസിഡണ്ടുമായ അഡ്വ. എ.എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫിനെക്കാൾ കൂടുതൽ വോട്ട് നേടാനായി എന്നത് ഷാനിമോൾ ഉസ്മാന് ഗുണം ചെയ്യും. അരൂരിൽ മത്സരിക്കാൻ ഇല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാധ്യത വിദൂരമാണെങ്കിലും എ.എ ഷുക്കൂറും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെയാണുള്ളത്. എന്നാൽ തീരുമാനമെടുക്കാനുള്ള അവകാശം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിക്ഷിപ്തമായിരിക്കും. കെ.സിയുടെ പിന്തുണ ആർക്കാണോ ലഭിക്കുക അവരായിരിക്കും അരൂരിൽ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുക.
എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിൽ ബിഡിജെഎസ് - ബിജെപി തർക്കം രൂക്ഷമാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിക്ക് പരിഗണന നൽകാനാണ് തീരുമാനിക്കുക. വോട്ട് വിഹിതം വിഭജിച്ച് പോകാനിടയുള്ളതിനാല്‍ സീറ്റ് ബിഡിജെഎസിന് വിട്ട് നൽകാൻ ബിജെപി സന്നദ്ധമായേക്കും. അങ്ങനെയെങ്കിൽ അരൂരിൽ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് എൻഡിഎ നീക്കം.