ആലപ്പുഴ: കൊവിഡ് 19 ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിലനിൽക്കെ ജില്ലയിൽ എക്സൈസ് വകുപ്പിന് കീഴിൽ കള്ളുഷാപ്പുകളുടെ ലേലം സംഘടിപ്പിച്ചു. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന സർക്കാർ മാര്‍ഗ നിര്‍ദേശം ലംഘിച്ചാണ് ലേലം നടത്തിയത്.
നഗരത്തിലെ എക്സൈസ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച കള്ളുഷാപ്പ് ലേലത്തിൽ ഇരുന്നൂറിലേറെ പേരാണ് എത്തിയത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഹാൻഡ് സാനിറ്റൈസർ, മാസ്‌കുകൾ ഉൾപ്പടെയുള്ളവ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരുന്നുവെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലേല നടപടികൾ നടക്കുന്ന സ്ഥലത്ത് കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നിർദേശങ്ങളും ഉച്ചഭാഷിണിയിലൂടെ നൽകുന്നുണ്ട്.