ആലപ്പുഴ: അര്‍ത്തുങ്കല്‍ സെൻ്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ പെരുന്നാള്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ പുറപ്പെടുവിച്ചു. ജനുവരി 10 മുതല്‍ 27 വരെയാണ് പെരുന്നാള്‍.
കൊവിഡ് മാനദണ്ഡപ്രകാരം വിശ്വാസികള്‍ക്ക് കുര്‍ബാന കൂടുന്നതിന് ആറടി അകലത്തില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. പള്ളി പരിസരത്ത് ബാരിക്കേഡുകള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തും. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും കാണിക്ക അര്‍പിക്കുന്നതിനും പ്രത്യേകം വരികള്‍ തയാറാക്കും. വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണ വിധേയമായി പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒരുക്കും. 200 പേരെ മാത്രം ഉള്‍ക്കൊളളിച്ച് പരമാവധി നിയന്ത്രണങ്ങള്‍ പാലിച്ച് ചടങ്ങുകളും കുര്‍ബാനയും നടത്തണം. ഇടവകക്കാര്‍ പള്ളിയില്‍ എത്താതെ വീട്ടിലിരുന്ന് തന്നെ പെരുനാളില്‍ പങ്കെടുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വെര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്‌തവരെ മാത്രമേ കുര്‍ബാനക്കായി പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും പള്ളി അധികാരികള്‍ അറിയിച്ചു.
കുർബാനയും ചടങ്ങുകളും ഓണ്‍ലൈനില്‍ വിശ്വാസികള്‍ക്ക് കാണുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കും. പള്ളിയുടെ പരിസരത്ത് 10നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഗര്‍ഭിണികള്‍ക്കും പ്രവേശനം അനുവദിക്കില്ല. പള്ളി പരിസരത്ത് വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ജനുവരി 10 മുതല്‍ 27 വരെ അര്‍ത്തുങ്കല്‍, മാരാരി, അന്ധകാരനഴി എന്നീ ബീച്ചുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. പെരുനാളുമായി ബന്ധപ്പെട്ട തിരുകര്‍മ്മങ്ങള്‍/ കുര്‍ബാനകള്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് നടത്താം.
ഓരോ തിരുകര്‍മം/ കുര്‍ബാനക്ക് ശേഷവും ദേവാലയത്തിൻ്റെ ഉള്‍വശം സാനിറ്റൈസ് ചെയ്യണം. പ്രദക്ഷിണം പൂര്‍ണമായും ഒഴിവാക്കണം. പെരുനാളുമായി അനുബന്ധിച്ച് താല്‍ക്കാലിക ഷെഡുകളിലുള്ള കച്ചവടവും വഴിയോര കച്ചവടവും പൂര്‍ണമായും നിരോധിച്ചു. പെരുനാളുമായി ബന്ധപ്പെട്ട് വൈകിട്ട് 8 മണിക്ക് ശേഷം കുര്‍ബാന നടത്താന്‍ പാടില്ല. 10 മണിക്ക് പള്ളി അടക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പെരുനാളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള ആഘോഷങ്ങളോ കലാപരിപാടികളോ നടത്താന്‍ പാടില്ല. ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ സബ് കലക്‌ടര്‍, സെക്‌ടറല്‍ മജിസ്റ്ററേറ്റ് എന്നിവര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.