ആലപ്പുഴ: അത്ഭുതദ്വീപിലെ ജടരാജകുമാരനെയും ഓഡിനറിയിലെ ദാസപ്പനെയും മലയാളികൾ അത്രവേഗം മറക്കാനിടയില്ല. റാവുത്തറിനും സ്രാങ്കിനും കോട്ടുമുക്രിക്കുമൊപ്പം വിയറ്റ്‌നാം കോളനിയിലും ഈ നടനുണ്ടായിരുന്നു. അത്തരത്തില്‍ ഒട്ടേറെ സിനിമകളിൽ ചെറുതും ശ്രദ്ധേയവുമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള അറുമുഖന്‍ തിരക്കിലാണ്. പക്ഷേ ക്യാമറക്ക് മുന്നിലല്ല, ആലപ്പുഴയുടെ തെരുവോരത്താണ്.
ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ വഴിയോരക്കടയില്‍ രാവിലെ 9 മണിയോടെ അറുമുഖന്‍ എത്തും. കടതുറന്ന് ചെരുപ്പുകളും ബാഗുകളും തുന്നാൻ ഇരിക്കും. പുത്തൻ കുടകൾ വാങ്ങി വരുന്നവർ പേരെഴുതാൻ നേരെയെത്തുക അറുമുഖന്‍റെ അടുത്തായിരിക്കും. അത്രയേറെ പ്രശസ്തനാണ് ആലപ്പുഴക്കാർക്ക് അറുമുഖൻ.
ALSO READ: 'മോൻസണ്‍ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു' ; ഇരയുടെ മൊഴി പുറത്ത്
ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിൽ 'വിയറ്റ്‌നാം കോളനി'യുടെ ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞ് മോഹൻലാലിനെ കാണാൻ പോയതായിരുന്നു അറുമുഖൻ. ഇഷ്‌ടതാരത്തെ കാണാന്‍ പോയ ആള്‍ വീട്ടില്‍ തിരിച്ചെത്തിയത് സിനിമാനടനായിട്ടായിരുന്നു. ആ സിനിമയിൽ അറുമുഖന് വേണ്ടി ചെറിയൊരു വേഷം ഹിറ്റ് സംവിധായകരായ സിദ്ധിഖ് - ലാൽ ജോഡികൾ മാറ്റിവച്ചു.
അതായിരുന്നു ആദ്യ വഴിത്തിരിവ്. പിന്നീടങ്ങോട്ട് മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകൾ. കഷ്‌ടപ്പാടിന്‍റെ കൊടുമുടികള്‍ താണ്ടുമ്പോഴും സിനിമയെ അയാള്‍ നെഞ്ചോട് ചേർത്തുവച്ചു.
ALSO READ: 'പൊലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിശ്വാസമില്ല'; നിരാഹാരസമരം ആരംഭിച്ച് അനുപമ
തത്തംപള്ളി സെന്‍റ് മൈക്കിൾസ് സ്‌കൂളിലെ പത്താം ക്ലാസുകാരി ആര്യയും അഞ്ചാം ക്ലാസുകാരി ആഗ്രയും ഭാര്യ രാധികയും ഉൾപ്പെടുന്നതാണ് അറുമുഖന്‍റെ കുടുംബം. കൊവിഡ് കാലത്ത് ജോലിയും അഭിനയവും പ്രതിസന്ധിയിലായി. തെല്ലൊന്ന് ആശങ്കപ്പെട്ടെങ്കിലും തോറ്റുപിന്മാറാൻ അറുമുഖന്‍ തയ്യാറല്ലായിരുന്നു.
നിലവിൽ നാല് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. കൊവിഡ് ആയതിനാല്‍ ഷൂട്ടിങ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ ജവഹർ ബാലഭവനിൽ പഠിക്കുന്ന കാലത്ത് തുടർച്ചയായ രണ്ടുവർഷങ്ങളിൽ കലാമത്സരങ്ങളില്‍ ഒന്നാമതെത്തിയിരുന്നു അറുമുഖന്‍.
പ്രീഡിഗ്രിക്ക് ആലപ്പുഴ എസ്.ഡി കോളജിൽ പഠിക്കുന്ന കാലത്ത് മിമിക്രിയിലും മോണോ ആക്‌ടിലും സംസ്ഥാന തല വിജയിയുമായിരുന്നു. പിന്നീട് വിവിധ മിമിക്രി ട്രൂപ്പുകളിലൂടെ ഉത്സവപ്പറമ്പുകളിലെ മിന്നും താരമായി. ജീവിത പ്രതിസന്ധികളോട് നിരന്തരം കലഹിക്കുന്ന അറുമുഖൻ പരിമിതികൾക്ക് മുന്നിൽ തളരാൻ തയ്യാറല്ല.
പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് തനിക്ക് ജീവിത യാത്രയിൽ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നാണ് അറുമുഖന്‍റെ പക്ഷം. അതുകൊണ്ട് ഉയരക്കുറവിനെ കളിയാക്കിയവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി പിടിച്ച് തന്‍റെ സ്വപ്‌നങ്ങളുമായി മുന്നേറുകയാണ് അയാള്‍.