ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. വിനോദ സഞ്ചാരികളെ ഹൗസ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ.
ബോട്ട് ഉടമകളെ ഭീഷണിപ്പെടുത്തി ഹൗസ് ബോട്ട് സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികളെ മറ്റു ബോട്ടുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന രീതി ആലപ്പുഴയിൽ പതിവാണ്. സമാനമായ തർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജോബ് ജോസഫ്, വൈശാഖ് എന്നിവർ ബോട്ട് ജീവനക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തലനാരിഴയ്‌ക്കാണ് ഹൗസ് ബോട്ട് ജീവനക്കാരൻ ആക്രമി സംഘത്തിന്‍റെ വാൾമുനയിൽ നിന്നും രക്ഷപ്പെട്ടത്. പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ഹൗസ് ബോട്ട് മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നില്‍ എന്ന് ബോട്ട് ഉടമകൾ ആരോപിക്കുന്നു.
ഹൗസ് ബോട്ട് ജീവനക്കാരുടെ പരാതിയില്‍ ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പുന്നമടയിൽ ഇത്തരം ആക്രമണം നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് നീരിക്ഷണം ശക്തമാക്കിയിട്ടുണ്ട്.