ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാക്കാഴം പാലത്തിന് സമീപം കാർ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. തിരുവനന്തപുരം ആലത്തൂർ സ്വദേശികളായ നാല് പേരും കൊല്ലം മൺട്രോതുരുത്ത് സ്വദേശിയായ ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരം ആലത്തൂർ പെരുങ്കടവിളയിലെ പ്രസാദ്, ഷിജുദാസ്, മനു, സുമോദ്, മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. ഷിജുദാസ് ഒഴികെയുള്ളവർ തിരുവനന്തപുരം ഐഎസ്‌ആര്‍ഒയിലെ (ISRO) കാന്‍റീനില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്‌തു വരുന്ന ജീവനക്കാരാണ്. ഞായറാഴ്ച വൈകുന്നേരം കളിയിക്കാവിളയിൽ കല്യാണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഷിജുദാസിനെ എറണാകുളത്തെ ജോലി സ്ഥലത്ത് ഇറക്കാനായി പോകുമ്പോഴാണ് അപകടം.
കക്കാഴം പാലം ഇറങ്ങിയ ഉടൻ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് അരിയുമായെത്തിയതായിരുന്നു ലോറി. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടി പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. നാലുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
അഞ്ച് പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെയും ക്ലീനറെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.