ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച പള്ളുരുത്തി സ്വദേശിയായ കുട്ടിക്ക് കൗൺസിലിംഗ് നൽകാനുളള നടപടികളുമായി പൊലീസ്. കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിന് ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചതായി മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ വി.ജി രവീന്ദ്രനാഥ് വ്യക്തമാക്കി. പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ പിതാവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അസ്‌കറിനെ ആലപ്പുഴ പൊലീസിന് കൈമാറി.
ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന അസ്‌കർ വീട്ടിലെത്തി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസ് അന്വേഷിക്കുന്ന ആലപ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുമെന്നും എ.സി.പി പറഞ്ഞു.
Also Read റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ
അസ്‌കറിനായി കഴിഞ്ഞ ദിവസങ്ങളിൽ പള്ളുരുത്തിയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു. കുട്ടിയുടെ തറവാട് വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രണ്ടാഴ്‌ചയായി മകനെയും പേരമകനെയും കണ്ടിട്ടില്ലെന്ന് അസ്‌കറിന്‍റെ മാതാവ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് കൊച്ചി പൊലീസാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ആലപ്പുഴ പൊലീസിനെ വിവരമറിയിച്ച് അന്വേഷണം തുടങ്ങി. കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ ആലപ്പുഴയിൽ എത്തിച്ച മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.