ആലപ്പുഴ: ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ആകെയുള്ള 23 ജില്ലാ പഞ്ചായത്ത് ഡിവിഷനികളിൽ 16 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. അരൂരിലെ സ്ഥാനാർഥിയായി നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോയെ തീരുമാനിച്ചു. പൂച്ചാക്കലിൽ ബിനിത പ്രമോദും, പള്ളിപ്പുറത്ത് പി.എസ്. ഷാജിയും, കഞ്ഞിക്കുഴിയിൽ വി. ഉത്തമനും, ബിമാരാരിക്കുളത്ത് കെ. ജി. രാജേശ്വരിയും സ്ഥാനാർഥികളായി ജനവിധി തേടും. ആര്യാട് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി മുൻ അംഗം ആർ. റിയാസും പുന്നപ്രയിൽ ഗീത ബാബുവും, കരുവാറ്റയിൽ ടി. എസ്. താഹയും, കൃഷ്‌ണപുരത്ത് നിലവിലെ പത്തിയൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിപിൻ സി. ബാബുവും മത്സരിക്കും. ഭരണിക്കാവിൽ ഡി.വൈ.എഫ്.ഐ നേതാവ് നികേഷ് തമ്പിയും, നൂറനാട്ടിൽ കെ. തുഷാരയും, വെൺമണിയിൽ മഞ്ജു ശ്രീകുമാറും മത്സരിക്കാൻ ധാരണയായി. മുളക്കുഴയിൽ ഹേമലത മോഹനനും, മാന്നാറിൽ വത്സല മോഹനും, വെളിയനാട്ടിൽ എം. വി. പ്രിയയും സി.പി.എമ്മിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. ജില്ലയിൽ സി.പി.ഐക്ക് 5 സീറ്റുകളാണ് നൽകിയിട്ടുള്ളത്. വയലാറിൽ എൻ. എസ്. ശിവപ്രസാദ്, അമ്പലപ്പുഴയിൽ അഞ്ജു പി, മനക്കോടത്ത് ഇസബല്ല ഷൈൻ, പള്ളിപ്പാട്ട് എ. ശോഭ, പത്തിയൂരിൽ കെ. ജി. സന്തോഷ് തുടങ്ങിയവരാണ് സി.പി.ഐക്ക് വേണ്ടി മത്സരിക്കുവാൻ ഒരുങ്ങുന്നത്.
അതേസമയം, എൽ.ജെ.ഡിക്കും, കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിനും, ജനതാദൾ സെക്യുലറിനും ഓരോ സീറ്റുകൾ വീതമാണ് അനുവദിച്ചത്. ഇതുപ്രകാരം എൽ.ജെ.ഡിക്ക് വേണ്ടി മുതുകുളത്ത് ഷംഷാദ് റഹീം മത്സരിക്കും. കേരള കോൺഗ്രസ് എമ്മിൽ നിന്നും ചമ്പക്കുളത്ത് ബിനു ഐസക്ക് രാജുവും, ജനതാദൾ സെക്യുലറിൽ നിന്നും പാർട്ടിയുടെ നിർദ്ദേശപ്രകാരം ജി. ആതിരയും ചെട്ടികുളങ്ങരയിൽ മത്സരിക്കും.
നിലവിൽ സി.പി.ഐ.എം ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് എന്ത് വിലകൊടുത്തും നിലനിർത്താൻ തന്ത്രങ്ങൾ മെനയുകയാണ് ഇടതുമുന്നണി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാർ നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.