ആലപ്പുഴ: കൊവിഡിന്‍റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത്. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജേശ്വരി തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് നിലവില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കണം. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സിഎഫ്‌എൽടിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആംബുലൻസ്, മാസ്‌ക്, സാനിറ്റൈസർ അടക്കമുള്ള കാര്യങ്ങൾക്കുമായി ഈ തുക വിനിയോഗിക്കുന്നതിന് ഡി എം ഒ യെ ചുമതലപ്പെടുത്തിയതായും പ്രസിഡന്‍റ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി സന്നദ്ധ പ്രവര്‍ത്തകര്‍
മൂന്ന് തരത്തിലുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുക. രോഗികളായവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് സിഎഫ്എൽടിസികൾ കാര്യക്ഷമമാക്കുകയാണ് ഒന്നാമത്തെ ഘട്ടം. രോഗികളായവരുടെയും മറ്റുള്ളവരുടെയും ആശങ്കകൾ അകറ്റുന്നതിനും മാനസികമായി ശക്തിപ്പെടുത്തുന്നതിനുമുള്ള ഹെൽപ്പ് ഡസ്ക് പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടം. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് മൂന്നാമത്തെ ഘട്ടം. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക. കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പ്രേരക്‌മാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാകും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയെന്നും പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.