ആലപ്പുഴ: ജില്ലയില്‍ സമ്പർക്കം മൂലം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണ്. സർക്കാർ നിദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കില്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതു സ്ഥലങ്ങളിൽ പോകുന്നതും കൂട്ടംകൂടുന്നതും കർശനമായി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമെ പൊതുസ്ഥലങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കാണെങ്കിൽ പോകാവൂ. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.
നിർബന്ധമായും ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
- മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാതെയുളള ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് വ്യാപാരസ്ഥാപന ഉടമകൾ കർശനമായി ഉറപ്പാക്കണം.
- മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വളരെ അധികം കരുതൽ പുലർത്തണം.
- മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും കൈമാറി ഉപയോഗിക്കരുത്.
- മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നതിനാൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം.
- മാസ്ക് എപ്പോഴും ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് പല പ്രാവശ്യം കഴുകി വൃത്തിയാക്കുകയും വേണം.
- സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷൻ എടുക്കുന്നത് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാതെ കുട്ടികളെ ട്യൂഷന് അനുവദിക്കുന്നത് കുറ്റകരമാണ്.
- പ്രായമായവരും പത്ത് വയസിനു താഴെ പ്രായമുളള കുട്ടികളും മറ്റ് അസുഖമുളളവരും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ എത്തുകയോ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്.
- അത്യാവശ്യകാര്യങ്ങൾക്കായി പുറത്ത് പോകുന്നവർ യാത്രാ വിവരങ്ങൾ എഴുതി സൂക്ഷിക്കണം. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ, സഞ്ചരിച്ച സമയം, സന്ദർശിച്ച സ്ഥലം/വ്യാപാര സ്ഥാപനം എന്നിവ രേഖപ്പെടുത്തി വയ്ക്കണം.
- പൊതുവിൽ എല്ലാവരും കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം വൃത്തിയായി കഴുകണം.
- കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. വ്യക്തിശുചിത്വം പാലിക്കണം.അനാവശ്യസന്ദർശനങ്ങൾ ഒഴിവാക്കണം.
- ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം.
- വയോജനങ്ങൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, അസുഖ ബാധിതർതുടങ്ങിയവർക്ക് പ്രത്യേകം പരിചരണവും ശ്രദ്ധയും നൽകേണ്ടതാണ്.