ആലപ്പുഴ : മനുഷ്യരാശി അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്സ്. അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എന്നാൽ ഇത്തവണത്തെ എയ്ഡ്സ് ദിനത്തിൽ മറ്റൊരു പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ ഭരണകൂടം. 'കരുതാം ആലപ്പുഴയെ' ക്യാമ്പയിനിന്‍റെ ഭാഗമായി കൊവിഡിനും മറ്റ് പകർച്ച വ്യാധികൾക്കുമെതിരെയുള്ള ബോധവത്കരണ പരിപാടിയാണ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി പ്രതിജ്ഞ ചൊല്ലലും ദീപം തെളിയിക്കലും നടന്നു.
കലക്‌ടറേറ്റിൽ നടന്ന ദീപം തെളിക്കൽച്ചടങ്ങ് ജില്ലാ കലക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. കൊവിഡ് അടക്കമുള്ള പകർച്ചവ്യാധികളെകുറിച്ചുള്ള ബോധവൽക്കരണമാണ് ഇത്തരത്തിൽ ഒരു പരിപാടിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും രോഗം പകരാൻ സാധ്യത കൂടുതലുള്ള ജനവിഭാഗമായ വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിലാണ് പദ്ധതിയിലൂടെ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കലക്ടർ പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ , വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഓൺലൈനിലൂടെ ക്യാമ്പയിനിന്‍റെ ഭാഗമായി.