ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ സിനിമാ താരങ്ങളും. ഹാസ്യതാരവും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര താരവും താരസംഘടനയായ 'എ.എം.എം.എ'യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവുമാണ് ഐശ്വര്യ കേരളാ യാത്രയുടെ ഭാഗമായി ഹരിപ്പാട് നടന്ന സ്വീകരണ യോഗത്തിൽ പങ്കെടുത്തത്. ഇരുവരെയും ഹർഷാരവത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. ശേഷം വേദിയിലെത്തിയ ഇരുവരെയും ജാഥാ കാപ്റ്റനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു, എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ് എന്നിവർ സ്വീകരിച്ചു.
സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തിയ രമേഷ് പിഷാരടിയോട് ഉമ്മൻചാണ്ടിയെ അനുകരിക്കാമോ എന്ന് സദസിൽ നിന്ന് കാണികൾ ചോദിച്ചതോടെ രംഗം കൊഴുത്തു. ഉമ്മൻചാണ്ടിയുടെ അനുവാദത്തോടെ പിഷാരടി അദ്ദേഹത്തെ അനുകരിക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയെയാണ് പിഷാരടി അനുകരിച്ചത്.
താൻ പണ്ടുമുതലേ കോൺഗ്രസുകാരനാണെന്നും കോളജ് പഠനകാലത്ത് കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നുവെന്നും നടനും താരസംഘടനയുടെ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പലരും കോൺഗ്രസ് അനുഭാവികളാണ്. പലരും പറയുന്നില്ലെന്ന് മാത്രം. എന്നാൽ, ഇനി പറയും. അതിനുള്ള അവസരമാണിതെന്നും അതിന് വേണ്ടി കൂടിയാണ് ഈ വേദിയിലെത്തിയതെന്നും ഇടവേള ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വിജയങ്ങളും യുഡിഎഫിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാർഥം യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്ന ശേഷമാണ് ഇരുവരും വേദി വിട്ടത്.