മുംബൈ : വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പിന് ഇന്ന് തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഗുജറാത്ത് ജയന്‍റ്‌സ് ആണ് എതിരാളികള്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7:30-നാണ് മത്സരം.
ഹര്‍മന്‍പ്രീത് കൗറിന്‍റെ മുംബൈ : ഇന്ത്യന്‍ വനിത ടീം നായിക ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യന്‍സ് പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്. യാസ്‌തിക ഭാട്ടിയ, പൂജ വസ്‌ത്രകാര്‍ എന്നീ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ താരങ്ങളാണ് ടീമിന്‍റെ കരുത്ത്. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച വിദേശ താരങ്ങളും മുംബൈ നിരയിലുണ്ട്.
അടുത്തിടെ കഴിഞ്ഞ വനിത ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരിയായ ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്‌കിവര്‍ ബ്രണ്ടാണ് മുംബൈയുടെ വിദേശ താരങ്ങളില്‍ പ്രധാനി. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ വിദേശ താരങ്ങളിലൊരാള്‍ കൂടിയാണ് സ്‌കിവര്‍. 3.20 കോടിക്കായിരുന്നു ഇംഗ്ലീഷ് താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
സമീപ കാലത്ത് മികച്ച ഫോമിലാണ് സ്‌കിവര്‍ ബാറ്റ് വീശുന്നത്. അതുകൊണ്ട് തന്നെ സ്‌കിവറിന്‍റെ ബാറ്റിലാകും ടീമിന്‍റെ പ്രതീക്ഷകളത്രയും. കൂടാതെ ന്യൂസിലന്‍ഡിന്‍റെ അമേലിയ കെര്‍, വിന്‍ഡീസിന്‍റെ ഹെയ്‌ലി മാത്യൂസ് എന്നിവരും ചേരുമ്പേള്‍ ടീമിന് കരുത്ത് കൂടും.
മുന്നില്‍ നിന്ന് നയിക്കാന്‍ ബെത്ത് മൂണി: ഓസ്‌ട്രേലിയന്‍ താരം ബെത്ത് മൂണിക്ക് കീഴിലാണ് അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്‍റ്‌സ് കളത്തിലിറങ്ങുന്നത്. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായ താരം കൂടിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബെത്ത് മൂണി. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് പ്രകടനം നടത്തിയ മൂണിയായിരുന്നു കപ്പടിച്ച ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും.
ക്യാപ്‌റ്റന്‍റെ പ്രകടനത്തിലാണ് ടീമിന്‍റെ പ്രതീക്ഷ. സ്‌നേഹ റാണ, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്കൊപ്പം അണ്ടര്‍ 19 കിരീട ജേതാക്കളായ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളും ടീമിനൊപ്പമുണ്ട്. ഓസ്‌ട്രേലിയയുടെ തന്നെ ആഷ്‌ലി ഗാര്‍ഡ്‌നെര്‍, ഇംഗ്ലണ്ടിന്‍റെ സോഫിയ ഡങ്ക്‌ലി എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ടീമിന് മുന്നിലേക്ക് കുതിക്കാം.
മത്സരങ്ങള്‍ തത്സമയം കാണാം : വനിത പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശം വയാകോം 18 ആണ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലൂടെ മത്സരങ്ങളെല്ലാം സംപ്രേഷണം ചെയ്യും. കൂടാതെ ജിയോ സിനിമയിലൂടെയും വിമന്‍സ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സ്‌ട്രീം ചെയ്യാന്‍ സാധിക്കും.
അഞ്ച് ടീം, 22 മത്സരം : പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്‌സ്, യുപി വാരിയേഴ്‌സ് എന്നീ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഫൈനല്‍ ഉള്‍പ്പടെ ആകെ 22 പോരാട്ടങ്ങളാണുള്ളത്. ഇന്ന് ആരംഭിക്കുന്ന വനിത പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഫൈനല്‍ മാര്‍ച്ച് 26ന് നടക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളും രണ്ട് തവണയാണ് ഏറ്റുമുട്ടുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. പോയിന്‍റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളാകും രണ്ടാം ഫൈനലിസ്റ്റുകള്‍.
ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം എന്നിങ്ങനെ രണ്ടിടങ്ങളിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7:30നാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. രണ്ട് പോരാട്ടങ്ങളുള്ള ദിവസങ്ങളില്‍ ആദ്യത്തെ മത്സരം വെകുന്നേരം 3:30 മുതല്‍ ആരംഭിക്കും.
ഇവര്‍ നയിക്കും : മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍, ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍. പ്രഥമ പതിപ്പില്‍ വിമന്‍സ് പ്രീമിയര്‍ ലീഗിലെ ടീമുകളെ നയിക്കുന്നത് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് കീഴിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സ്‌മൃതി മന്ദാനയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കുന്നത്.
ഓസ്‌ട്രേലിയക്ക് ടി20 ലോകകിരീടം നേടിക്കൊടുത്ത മെഗ് ലാനിങ്ങിന് കീഴിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കളിക്കുന്നത്. ബെത്ത് മൂണിയാണ് ഗുജറാത്ത് ജയന്‍റ്‌സിന്‍റെ ക്യാപ്‌റ്റന്‍. അലീസ ഹീലിയുടെ നേതൃത്വത്തിലാണ് യുപി വാരിയേഴ്‌സ് പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.