ടോക്കിയോ: ഒളിമ്പിക്സ് ഫുട്ബോൾ ഫൈനലില്‍ ബ്രസീലും സ്പെയിനും പോരടിക്കും. രണ്ടാം സെമിയില്‍ ആതിഥേയരായ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിൻ കലാശപ്പോരിന് ഇടം നേടിയത്. ഏഴാം തിയതി വൈകീട്ട് അഞ്ച് മണിക്കാണ് ഫൈനല്‍ മത്സരം നടക്കുക.
അതേസമയം നിശ്ചിത സമയത്ത് ഇരു സംഘത്തിനും ഗോള്‍ നേടാനാവാതെ വന്നതോടെ അധികസമത്തേക്ക് നീണ്ട മത്സരത്തിന്‍റെ 116ാം മിനുട്ടിൽ മാർക്കോ അസൻസിയോയാണ് സ്പെയ്നായി ലക്ഷ്യം കണ്ടത്. ഇരു സംഘങ്ങളും മികച്ച് നിന്ന മത്സരത്തില്‍ ഫിനിഷിങ്ങിലെ പിഴവാണ് ജപ്പാന് വിനയായത്.
ആദ്യ സെമിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് മെക്സിക്കോയെ കീഴടക്കിയാണ് കാനറിപ്പട ഫൈനലുറപ്പിച്ചത്. ബ്രസീലിനായി ഡാനി ആൽവസ്, മാർട്ടിനെല്ലി, ബ്രൂണോ ഗുയിമറേസ്, റൈനർ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു. മെക്സിക്കോയ്ക്കായി ആൽബർട്ടോ റോഡ്രിഗസിന് മാത്രമേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായൊള്ളു.