ന്യൂഡൽഹി: ഡൽഹിയിലെ ആദർശ് നഗറിൽ സ്ഥിതിചെയ്യുന്ന രാജ്‌കിയ ബാൽ വിദ്യാലയത്തിന്‍റെ പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ എന്ന് അറിയപ്പെടും. ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവായ രവി ദഹിയയോടുള്ള ആദര സൂചകമായാണ് ഡൽഹി സർക്കാർ സ്‌കൂളിന്‍റെ പേരിൽ മാറ്റം വരുത്തിയത്. ഈ സ്‌കൂളിലെ തന്നെ പൂർവ വിദ്യാർഥിയാണ് രവി ദഹിയ.
സർക്കാർ സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയായ രാവി ദഹിയ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നത് അഭിമാനകരമായ കാര്യമാണ്. അതിനാലാണ് സ്കൂളിന്‍റെ പേരിനൊപ്പം ദഹിയയുടെ പേര് ചേർത്തത്. സ്‌കൂളിൽ രവി ദഹിയയുടെ ഒരു വലിയ ഛായാചിത്രവും സ്ഥാപിക്കും. ഇതിലൂടെ വളർന്നു വരുന്ന കുട്ടികൾക്ക് ഒളിമ്പിക്‌സിലേക്കുള്ള പ്രചേദനമായി ഇത് മാറും, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് സ്‌പോർട്‌സ് പ്രോൽസാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയോടൊപ്പം തന്നെ കായിക മേഖലക്ക് മാത്രമായി ഒരു സ്‌കൂളും സർക്കാർ ഉടൻ സ്ഥാപിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രവേശനം അടുത്ത അക്കാദമിക് ഘട്ടം മുതൽ ആരംഭിക്കുമെന്നും സിസോദിയ പറഞ്ഞു.
ALSO READ: തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി; മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ല
കൂടാതെ കായികരംഗത്ത് മികച്ച പ്രകടനം നടത്തുന്ന കായികതാരങ്ങളെ സഹായിക്കാൻ ഡൽഹി സർക്കാർ മൂന്ന് തലങ്ങളിലായി സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചതായും സിസോദിയ പറഞ്ഞു. ആദ്യ തലത്തിൽ, 14 വയസ്സുവരെയുള്ള കായികതാരങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. രണ്ടാമത്തെ തലത്തിൽ, 17 വയസ്സുവരെയുള്ള കായികതാരങ്ങൾക്ക് 3 ലക്ഷം രൂപ വരെയും 17 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് 16 ലക്ഷം രൂപ വരെയും സഹായം നൽകുന്ന പദ്ധതിയാണിത്.