ലണ്ടൻ: വിംബിൾഡൺ വനിത സിംഗിൾസ് ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി കരോളിന പ്ലിഷ്‌കോവയെ നേരിടും. കന്നികിരീടം ലക്ഷ്യമിട്ടാണ് ഇരുതാരങ്ങളും കളത്തിലിറങ്ങുന്നത്. ശനിയാഴ്‌ചയാണ് പോരാട്ടം.
ഫൈനലിലേക്ക് കുതിച്ച് ഒന്നാം നമ്പർ താരം
ആദ്യ സെമിയില്‍ 25-ാം സീഡായ ജർമ്മനി താരം ആഞ്ചലീക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്ക്(6-3, 7-6) തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയൻ താരമായ ബാർട്ടി ഫൈനലിലേക്ക് കുതിച്ചത്. ആദ്യ സെറ്റ് അനായാസമായി നേടാൻ ബാർട്ടിക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ സെറ്റില്‍ ശക്‌തമായി തിരിച്ചടിച്ച കെർബറെ ടൈ-ബ്രേക്കറിലൂടെയാണ് ആഷ്‌ലി ബാർട്ടി വീഴ്‌ത്തിയത്. 2019ലെ ഫ്രഞ്ച് ഓപ്പൺ നേടിയ ശേഷം ആദ്യമായാണ് ബാർട്ടി ഒരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
കിരീടമുറപ്പിക്കാൻ പ്ലിഷ്‌കോവ
രണ്ടാമത്തെ സെമിയില്‍ രണ്ടാം സീഡായ അറൈന സബലെങ്കയെ മൂന്ന് സെറ്റ്(5-7, 6-4, 6-4) നീണ്ട പോരാട്ടത്തിനൊടുവിലാണ് ചെക്ക് താരം പ്ലിഷ്‌കോവ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് സബലെങ്കക്ക് വിട്ടുകൊടുത്തെങ്കിലും അടുത്ത രണ്ട് സെറ്റില്‍ ഗംഭീര തിരിച്ചുവരവാണ് മുൻ ലോക ഒന്നാം നമ്പർ താരം നടത്തിയത്. പ്ലിഷ്‌കോവയുടെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. 2016ല്‍ യുഎസ് ഓപ്പണിന്‍റെ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ഫൈനല്‍ പ്രതീക്ഷയുമായി പുരുഷ താരങ്ങൾ
പുരുഷ സിംഗിൾസ് സെമിയില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് കാനഡയുടെ ഡെനിസ് ഷാപോവ്‌ലോവിനെ നേരിടും. മറ്റൊരു സെമിയില്‍ പോളണ്ട് താരം ഹ്യൂബർട്ട ഹുർകാസും ഇറ്റലി താരം മാത്യോ ബെറോട്ടിനിയും ഏറ്റുമുട്ടും. ഇതിഹാസ താരം റോജർ ഫെഡററെ തോല്‍പ്പിച്ചാണ് ഹുർകാസ് സെമിയിലേക്ക് പ്രവേശിച്ചത്. വിംബിൾഡൺ ഗ്രാൻഡ്‌സ്ലാമില്‍ ഇനി കളിക്കാനാകുമെന്ന് ഉറപ്പില്ലെന്ന് തോല്‍വിക്ക് ശേഷം റോജർ ഫെഡറർ പറഞ്ഞിരുന്നു.