ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കിരീടം റൊമാനിയൻ താരം സിമോണ ഹാലെപ്പിന്. ഇതിഹാസ താരം സെറീന വില്ല്യംസിനെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ഹാലെപ്പ് വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഹാലെപ്പിന്‍റെ ജയം. സ്കോർ 6-2, 6-2.
55 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ അമേരിക്കൻ താരമായ സെറീന വില്ല്യംസിന് പൊരുതാനുള്ള അവസരം പോലും ഹാലെപ്പ് നല്‍കിയില്ല. 24-ാം ഗ്രാൻഡ്സ്ലാം എന്ന സെറീനയുടെ സ്വപ്നം ഇതോടെ തകർന്നു. ഇന്ന് ജയിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോഡിന് ഒപ്പമെത്താമായിരുന്നു സെറീനക്ക്. മികച്ച ആത്മവിശ്വാസത്തോടെയാണ് ഹാലെപ്പ് ഓരോ ചുവടും വച്ചത്. ജയത്തോടെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഹാലെപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ കിരീടവും റൊമാനിയൻ താരം നേടിയിരുന്നു.
നാളെ നടക്കുന്ന ക്ലാസിക് ഫൈനലില്‍ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് റോജർ ഫെഡററിനെ നേരിടും. ജോക്കോവിച്ച് അഞ്ചാം വിംബിൾഡൺ കിരീടം തേടിയിറങ്ങുമ്പോൾ ഫെഡറർ ഒമ്പതാം വിംബിൾഡണും കരിയറിലെ 21-ാം ഗ്രാൻഡ്സ്ലാമുമാണ് ലക്ഷ്യമിടുന്നത്.