ന്യൂയോര്‍ക്ക് : ഞായറാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ ഫൈനലില്‍ അവസാന മത്സരത്തിലെന്നപോല്‍ പോരാടുമെന്ന് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. സെമി ഫൈനലില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ കീഴടക്കിയതിന് പിന്നാലെയാണ് 21ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വപ്നം കാണുന്ന ജോക്കോയുടെ പ്രതികരണം.
'ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ടെന്ന് എനിക്കറിയാം, പക്ഷേ കൂടുതൽ സംസാരിക്കാൻ ഇല്ല. ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. എന്‍റെ ശരീരവും മനസും അതിലേക്ക് സമര്‍പ്പിക്കുകയാണ്. എന്‍റെ കരിയറിലെ അവസാനത്തെ മത്സരം പോലെയാണ് ഞാനതിനായി തയ്യാറെടുക്കുക.' ജോക്കോ പ്രതികരിച്ചു.
അതേസമയം സെമി ഫൈനലില്‍ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അലക്‌സാണ്ടര്‍ സ്വരേവ് ജോക്കോയ്‌ക്ക് മുന്നില്‍ കീഴടങ്ങിയത്. 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറിനായിരുന്നു ജോക്കോയുെടെ വിജയം. ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡ് ഡാനിൽ മെദ്‌വെദേവാണ് ജോക്കോയുടെ എതിരാളി.
also read: സ്നേഹ സന്ദേശങ്ങള്‍ക്ക് നന്ദി,വൈകാതെ ഒന്നിക്കാം: പെലെ
ജോക്കോയുടെ ഒമ്പതാമത്തെ യുഎസ് ഓപ്പണ്‍ ഫൈനലാണിത്. ജയിക്കാനായാല്‍ 21ാമത്തെ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്താനും 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനും ജോക്കോയ്‌ക്കാവും