ലിൻസ്: യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനുവിന്‍റെ പുതിയ പരിശീലകനായി ടോർബെൻ ബെൽറ്റ്‌സ് ചുമതലയേല്‍ക്കും. ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ആഞ്ചലിക് കെർബറിന്‍റെ ദീർഘകാല പരിശീലകനായിരുന്നു ടോർബെൻ.
ജനുവരിയിലാരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിന് മുന്നോടിയായാണ് ജര്‍മ്മന്‍ പരിശീലകന്‍ ടോർബെൻ ചുമതലയേല്‍ക്കുക. ഇക്കാര്യം എമ്മ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്രയും പരിചയസമ്പന്നനായ ഒരു പരിശീലകനോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ വലിയകാര്യമാണെന്ന് 18കാരിയായ താരം പ്രതികരിച്ചു. പ്രീ-സീസണിലുടനീളവും അടുത്ത വർഷവും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതില്‍ താൻ ആവേശത്തിലാണെന്നും എമ്മ പറഞ്ഞു.
also read: 'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ് സായ് വിവാഹിതയായി
നേരത്തെ എമ്മയെ പരിശീലിപ്പിച്ചിരുന്ന ആൻഡ്രൂ റിച്ചാർഡ്‌സണ്‍ സെപ്റ്റംബറില്‍ നടന്ന യുഎസ് ഓപ്പണിന്‍റെ ആദ്യ ക്വാളിഫയറിന് ശേഷം ചുമതല ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് പരിശീലകനില്ലാതെയാണ് താരം ഇതേവരെ മത്സരങ്ങള്‍ക്കിറങ്ങിയിരുന്നത്.