ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമി ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. സ്കോര്‍: 4-6, 6-2, 6-4, 4-6, 6-2.
ജോക്കോയുടെ ഒമ്പതാമത്തെ യുഎസ് ഓപ്പണ്‍ ഫൈനലാണിത്. ജയിക്കാനായാല്‍ 21ാമത്തെ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്താനും 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനും ജോക്കോയ്‌ക്കാവും.
1969ല്‍ റോഡ് ലേവറാണ് കലണ്ടര്‍ വര്‍ഷത്തെ നാല് മേജര്‍ കിരീടങ്ങളും അവസാനമായി സ്വന്തമാക്കിയത്. അതേസമയം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡ് ഡാനിൽ മെദ്‌വെദേവാണ് ജോക്കോയുടെ എതിരാളി.
also read: സ്നേഹ സന്ദേശങ്ങള്‍ക്ക് നന്ദി,വൈകാതെ ഒന്നിക്കാം: പെലെ
കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ തോല്‍പ്പിച്ചാണ് മെദ്‌വെദേവ് ഫൈനലിലെത്തിയത്. 6-4, 7-5, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തിന്‍റെ വിജയം. 2019ലെ റണ്ണര്‍ അപ്പുകൂടിയായ മെദ്‌വെദേവ് കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് യോഗ്യത നേടിയത്.