ടെന്നീസ് കോര്‍ട്ടിലെ രാജകുമാരന് 39ാം പിറന്നാള്‍. ഏസുകളും സ്‌മാഷുകളുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. 20 ഗ്രാന്‍ഡ് സ്ലാമുകളില്‍ മുത്തമിട്ട ഫെഡറര്‍ക്ക് പരിക്കാണ് വില്ലനാകുന്നത്.
വിംബിള്‍ഡണില്‍ എട്ട് തവണ ചാമ്പ്യനായ സ്വിസ് താരം ഫെഡറര്‍ അഞ്ച് തവണ യുഎസ് ഓപ്പണിലും ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും ചാമ്പ്യനായി. 2008 ബീജിങ്ങ് ഒളിമ്പിക്സിൽ പുരുഷൻമാരുടെ ഡബിൾസിൽ സ്വർണം നേടിയതും ഫെഡററുടെ നേട്ടമാണ്. 310 ആഴ്‌ചകളില്‍ എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ടെന്നീസ് ഇതിഹാസത്തിന് റാക്കറ്റ് ഉപയോഗിച്ച് ഇനിയും വിസ്‌മയങ്ങള്‍ സൃഷ്‌ടിക്കാനുണ്ട്. 2004 ഫെബ്രുവരി രണ്ട് മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകളില്‍ ലോക ഒന്നാം നമ്പറായി തുടര്‍ന്നു ഫെഡറര്‍.
ഫോബ്‌സ് പുറത്തിറക്കിയ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താണ് സ്വിസ് താരം. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനക്കണക്കില്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കടത്തിവെട്ടിയാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരം കൂടിയാണ് അദ്ദേഹം. നേരത്തെ കാല്‍ക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഈ സീസണില്‍ ടെന്നീസ് കോര്‍ട്ടിലേക്കില്ലെന്ന് സ്വിസ് താരം പ്രഖ്യാപിച്ചത്. 1998ലാണ് ഫെഡറര്‍ ആദ്യ പ്രൊഫഷണല്‍ മത്സരം കളിക്കുന്നത്. 1981 ഓഗസ്റ്റ് എട്ടിന് സ്വിറ്റ്സര്‍ലന്‍റിലെ ബേസലിലാണ് ഫെഡറര്‍ ജനിച്ചത്. ജന്മദിനാശംസകള്‍ റോജര്‍ ഫെഡറര്‍.