മാഡ്രിഡ്: ടെന്നീസ് ഉടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലെന്ന് 19 തവണ ഗ്രാന്‍റ് സ്ലാം സ്വന്തമാക്കിയ താരം റാഫേല്‍ നദാല്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ടെന്നീസ് ലോകം പഴയ പ്രതാപം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഡേവിസ് കപ്പ് സ്വന്തമാക്കിയ സ്‌പാനിഷ് ടീം അംഗങ്ങളോടൊപ്പം സ്‌പാനിഷ് ടെന്നീസ് ഫെഡറേഷന്‍ തയാറാക്കിയ വെർച്വല്‍ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെന്നീസിനായി നിങ്ങൾക്ക് എല്ലാ ആഴ്‌ച്ചയും സഞ്ചരിക്കേണ്ടിവരും. ഹോട്ടലുകളില്‍ താമസിക്കേണ്ടിവരും. വിവിധ രാജ്യങ്ങളില്‍ പോകേണ്ടിവരും. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ പോലും നിരവധി പേർ ഒരുമിച്ച് പ്രവര്‍ത്തിക്കണം. അക്കാര്യം നിരാകരിക്കാനാകില്ല. അന്താരാഷ്‌ട്ര തലത്തില്‍ അത് സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിച്ചേക്കുമെന്ന് തോന്നുന്നു. എന്നാല്‍ ആഗോള തലത്തില്‍ ആരോഗ്യരംഗം സാരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് യാഥാർത്ഥ്യമാണ്. പ്രയാസമേറിയ ഒന്നര മാസമാണ് കടന്നു പോവുന്നത്. നികത്താനാവാത്ത നഷ്ടങ്ങളുണ്ടായി. അടുത്ത ഏതാനും മാസം സാമ്പത്തിക മേഖലയിലും ബുദ്ധിമുട്ട് നേരിടും. ഏറെ പേരുടെ ജോലി നഷ്‌ടമായി. നിരവധി പേരുടെ ജീവന്‍ നഷ്‌ടമായത് തന്നെ വേദനിപ്പിക്കുന്നുവെന്നും നദാല്‍ പറഞ്ഞു. മഹാമാരിയെ ചെറുക്കാനുള്ള ധനശേഖരണം ലക്ഷ്യമിട്ട് സ്‌പാനിഷ് ബാസ്‌ക്കറ്റ് ബോള്‍ താരം പൗ ഗസോളുമായി ചേര്‍ന്ന് നദാല്‍ കാമ്പയിന്‍ നടത്തുന്നുണ്ട്.