പാരീസ്: പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനിൽ മെദ്‌വദേവിനെ കീഴടക്കിയാണ് ലോക ഒന്നാം നമ്പറായ ജോക്കോ കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് മണിക്കൂര്‍ 15 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോയുടെ വിജയം.
ആദ്യ സെറ്റ് കൈവിട്ടതിന് പിന്നെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ കൈക്കലാക്കിയാണ് ജോക്കോ മത്സരം പിടിച്ചത്. സ്കോര്‍: 4-6, 6-3, 6-3. ജോക്കോയുടെ ആറാം പാരീസ് മാസ്റ്റേഴ്‌സ് കിരീടമാണിത്.
അതേസമയം മെദ്‌വദേവിനെ കീഴടക്കാനായത് യുഎസ് ഓപ്പണിലെ തോല്‍വിക്കുള്ള കടം വീട്ടല്‍ കൂടിയാണ് ജോക്കോയ്‌ക്ക്. 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കന്‍ യുഎസ് ഓപ്പണിന്‍റെ ഫൈനലിനിറങ്ങിയ ജോക്കോവിച്ച് മെദ്‌വദേവിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ജോക്കോ ഒന്നാം നമ്പറില്‍ ഒന്നാമന്‍
പുരുഷ ടെന്നിസിലെ ഒന്നാം റാങ്ക് വര്‍ഷാവസാനം വരെ കൂടുതല്‍ തവണ നില നിര്‍ത്തുന്ന താരമെന്ന നേട്ടവും കഴിഞ്ഞ ശനിയാഴ്‌ച (നവംബര്‍ ആറ്) ജോക്കോവിച്ച് സ്വന്തം പേരില്‍ കുറിച്ചു. ഏഴ് തവണയായാണ് വര്‍ഷാവസാനം ജോക്കോ ഒന്നാം റാങ്ക് കാത്തത്.
യുഎസ് ഇതിഹാസം പീറ്റ് സാംപ്രസിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 1993 മുതൽ 98 വരെ തുടര്‍ച്ചയായി അറ് വര്‍ഷമാണ് താരം ഒന്നാം റാങ്ക് കയ്യാളിയത്. എന്നാല്‍ 2011 മുതൽ വിവിധ സീസണുകളിലായാണു ജോക്കോ ഒന്നാം റാങ്ക് നിലനിർത്തിയത്.