പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്കെല്ലാം തുക തിരിച്ച് നല്‍കാന്‍ തീരുമാനം. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍റേതാണ് തീരുമാനം. മെയ് 24 മുതല്‍ ആരംഭിക്കാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂർണമെന്‍റ് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെപ്‌റ്റംബർ 27-ലേക്കാണ് മാറ്റിയത്. മെയ് 24 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് സെപ്‌റ്റംബർ 27 മുതല്‍ ഒക്‌ടോബർ 11 വരെ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം കളിക്കാരുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ആറ് മില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ നല്‍കുമെന്ന് ആഗോള തലത്തില്‍ ടെന്നീസിലെ വിവിധ സംഘടനകൾ വ്യക്തമാക്കി. നേരത്തെ കൊവിഡിനെ തുടർന്ന് ദുരിതത്തിലായ ടെന്നീസ് താരങ്ങളെ സഹായിക്കാനായി ധനസമാഹരണം നടത്തുക എന്ന ഉദ്ദേശത്തോടെ അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ രംഗത്ത് വന്നിരുന്നു. എടിപി, ഡബ്യൂടിഎ നാല് ഗ്രാന്‍ഡ് സ്ലാം സംഘാടകർ എന്നിവരുമായി ചേർന്ന് ധനസമാഹരണം നടത്താനാണ് നിശ്ചിയിച്ചിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 800-ഓളം ടെന്നീസ് താരങ്ങളെ സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.