ദുബായ്: ഏഷ്യൻ ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ യു.എ.ഇയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. യു.എ.ഇയെ മറികടന്നതോടെ ഓസ്‌ട്രേലിയക്ക് ഖത്തർ ലോകകപ്പ് ഒരു മത്സരം മാത്രം അകലെയാണ്. ഇന്‍റർ ക്വാണ്ടിനന്‍റൽ പ്ലേ ഓഫിൽ ലാറ്റിനമേരിക്കൻ ടീമായ പെറുവാണ് ഓസ്‌ട്രേലിയയുടെ എതിരാളികൾ.
മത്സരത്തിൽ ഇരു ടീമുകളും സമാസമം ആയിരുന്നു എങ്കിലും പന്ത് കൈവശം വക്കുന്നതിൽ യു.എ.ഇക്ക് ആയിരുന്നു നേരിയ മുൻതൂക്കം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53-ാം മിനിറ്റിൽ ഓസ്‌ട്രേലിയയാണ് ലീഡെടുത്തത്. മാർട്ടിൻ ബോയിലിന്‍റെ പാസിൽ നിന്നു ജാക്‌സൻ ഇർവിനാണ് ഓസ്‌ട്രേലിയക്കായി വലകുലുക്കിയത്.
ഈ ലീഡിന് വെറും നാല് മിനിറ്റിന്‍റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 57-ാം മിനിറ്റിൽ ഹരിബ് അബ്‌ദുള്ള സുഹൈലിന്‍റെ പാസിൽ നിന്നു കയിയോ കനേഡോയാണ് അറബ് ടീമിന് സമനില നൽകിയത്.എന്നാൽ മത്സരം അവസാനിക്കാൻ 6 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ യു.എ.ഇയുടെ ഹൃദയം തകർത്ത ഗോൾ വന്നു.
ബോക്‌സിന് പുറത്ത് നിന്ന് അജ്‌ദിൻ ഹ്രുസ്റ്റിക്കിന്‍റെ മികച്ച ഷോട്ട് യു.എ.ഇ പ്രതിരോധത്തിൽ തട്ടി വലയിൽ കയറിയതോടെ ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടെയടുത്തു. ജൂൺ 14നാണ് ഓസ്‌ട്രേലിയ - പെറു മത്സരം നടക്കുക.