ലണ്ടന്‍: വിംബിള്‍ണ്‍ ടെന്നീസിന്‍റെ ഫൈനലുറപ്പിച്ച് സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. സെമി ഫൈനലില്‍ ബ്രിട്ടന്‍റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ലോക മൂന്നാം നമ്പര്‍ താരമായ ജോക്കോയുടെ മുന്നേറ്റം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോയുടെ വിജയം.
ആദ്യ സെറ്റ് കൈമോശം വന്ന ജോക്കോ ശക്തമായി തിരിച്ചടിച്ച് തുടര്‍ന്നുള്ള മൂന്ന് സെറ്റുകളും നേടുകയായിരുന്നു. സ്‌കോര്‍: 2-6, 6-3, 6-2, 6-4. 35കാരനായ ജോക്കോയുടെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലും, തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ ഫൈനലുമാണിത്. ഇതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കാനും ജോക്കോയ്‌ക്ക് കഴിഞ്ഞു.
ഏറ്റവുമധികം തവണ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോഡാണ് ജോക്കോ നേടിയത്. സെര്‍ബിയന്‍ താരത്തിന്‍റെ 32ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 31തണ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിച്ച ഇതിഹാസ താരം റോജര്‍ ഫെഡററുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്‍റെ എതിരാളി. സെമി ഫൈനലില്‍ വാക്കോവര്‍ ലഭിച്ചാണ് ലോക 40ാം നമ്പര്‍ താരമായ നിക് ഫൈനലിലെത്തിയത്.
പരിക്കിനെ തുടര്‍ന്ന് എതിരാളിയായിരുന്ന സ്‌പെയിനിന്‍റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്മാറുകായിരുന്നു. കിര്‍ഗിയോസിന്‍റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ആണിത്.