ലണ്ടന്‍ : കഴിഞ്ഞ ദിവസമാണ് വിംബിള്‍ഡണ്‍ (Wimbledon) വനിത സിംഗിള്‍സ് ഫൈനല്‍ പോരാട്ടം നടന്നത്. ചെക്ക് റിപ്പബ്ലിക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രോസോവയും (Marketa Vondrousova) ആറാം സീഡ് ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറും (Ons Jabeur) തമ്മിലായിരുന്നു മത്സരം. ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോര്‍ട്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജാബ്യൂറിനെ വീഴ്‌ത്തി വോണ്‍ഡ്രോസോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടുകയും ചെയ്‌തിരുന്നു.
ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മര്‍ക്കേറ്റ വോണ്‍ഡ്രോസോവ ജയം നേടിയത്. 6-4, 6-4 എന്ന സ്‌കോറിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഓന്‍സ് ജാബ്യൂറിന് കയ്യെത്തും ദൂരത്തായി വിംബിള്‍ഡണ്‍ കിരീടം നഷ്‌ടപ്പെടുകയായിരുന്നു. ഫൈനലിലെ ആവേശപ്പോരാട്ടത്തിന് മുന്‍പ് ചില നാടകീയ സംഭവങ്ങള്‍ക്കും ഓള്‍ ഇംഗ്ലണ്ട് ക്ലബ് വേദിയായി.
കലാശപ്പോരാട്ടത്തിന് മുന്‍പ് പരിശീലനത്തിനിറങ്ങിയ ഓന്‍സ് ജാബ്യൂറിനെ സെന്‍റര്‍ കോര്‍ട്ടില്‍ നിന്ന് പുറത്താക്കി. കറുത്ത വസ്‌ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് താരത്തെ കോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ടുണീഷ്യന്‍ താരം ടൂര്‍ണമെന്‍റ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ കോര്‍ട്ടില്‍ ഏത് തരത്തിലുള്ള വസ്‌ത്രം ധരിക്കണമെന്ന നിയമങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. ഇരുണ്ട നിറത്തിലുള്ള ഷോര്‍ട്‌സ് ധരിക്കാനാണ് പുതിയ നിയമങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. കൂടാതെ ആരംഗി പാര്‍ക്കിലെ പരിശീലന സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് വ്യത്യസ്‌ത നിറങ്ങളിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനും സാധിക്കും.
എന്നാല്‍, ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ ആദ്യത്തെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മത്സരാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള അനുയോജ്യമായ വസ്‌ത്രം ധരിക്കണമെന്നാണ് പറയുന്നത്. കോര്‍ട്ടിലേക്ക് ഇവ ഉപയോഗിച്ച് മാത്രമേ പ്രവേശിക്കാവൂ എന്നും വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഈ നിയമങ്ങളാണ് ഓന്‍ ജാബ്യൂര്‍ ലംഘിച്ചത്. കറുത്ത വസ്‌ത്രം ധരിച്ചെത്തിയ താരത്തെ കോര്‍ട്ടിലേക്ക് എത്തുന്നതിന് മുന്‍പായി തടയുകയും തിരികെ ലോക്കര്‍ റൂമില്‍ പോയി വസ്‌ത്രം മാറിയെത്താന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമോ എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
അതേസമയം, ഇപ്രാവശ്യത്തെ ഫൈനലിന് ശേഷം കറുത്ത വസ്‌ത്രം ധരിച്ചെത്തിയ സംഭവത്തില്‍ താരം പ്രതികരിച്ചിരുന്നു. നിയമങ്ങളെ കുറിച്ച് ഓര്‍ക്കാതെയാണ് താന്‍ പരിശീലന വേളയില്‍ കറുത്ത വസ്‌ത്രം ധരിച്ചെത്തിയതെന്ന് ഓന്‍സ് ജാബ്യൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിംബിള്‍ഡണിലെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഓന്‍സ് ജാബ്യൂര്‍ ഇന്നലെ കളത്തിലിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കസഖിസ്ഥാന്‍ താരം (Kazakhstan) എലീന റൈബാകിനയോട് (Elena Rybakina) ആയിരുന്നു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതോടെ ആദ്യമായി വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആഫ്രിക്കന്‍ അറബ് വനിതയായും ജാബ്യൂര്‍ മാറിയിരുന്നു. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫൈനലില്‍ എത്തിയിട്ടും ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ അറബ് വനിതയെന്ന നേട്ടത്തിലെത്താന്‍ താരത്തിനായില്ല.